തൃശ്ശൂര്‍: സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിലെ കുഴപ്പങ്ങള്‍ മിക്കതിനും പ്രധാനപ്പെട്ട ഒരു കാരണമുണ്ട്. കാലാകാലങ്ങളായി തുടരുന്ന പ്രവണതയാണ് ഇത്തരം സംഘങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നിയമിക്കുകയെന്നത്.

ജീവനക്കാരായി നിര്‍ദേശിക്കപ്പെടുന്നത് സി.പി.എം. നേതാക്കളാണ്. ഇതില്‍ പലപ്പോഴും ഏരിയാ കമ്മിറ്റി അംഗങ്ങളാകും പരിഗണനയില്‍ വരുക. ബാങ്കിന്റെ ഭരണസമിതിയില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരാകും ഭൂരിപക്ഷവും. ഇവിടെയാണ് പ്രശ്‌നം ആരംഭിക്കുക. മേല്‍ഘടകത്തിലെ അംഗങ്ങളായ ജീവനക്കാര്‍ക്കുമേല്‍ താഴെഘടകങ്ങളിലെ അംഗങ്ങളായ ഭരണസമിതിക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാത്ത നിലയുമുണ്ടായിട്ടുണ്ട്. കരുവന്നൂര്‍ സഹകരണബാങ്കില്‍ പാര്‍ട്ടി പ്രതിസന്ധിയിലായതും ഇത്തരം ചില കാരണങ്ങള്‍കൊണ്ടാണ്. ഇത്തരം നിയമനങ്ങള്‍ മറ്റു കക്ഷികളും നടത്താറുണ്ടെന്നതും വാസ്തവം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതില്‍ പണത്തിനാണ് സ്വാധീനമെന്നാണ് ആരോപണം.

ഇപ്പോള്‍ സഹകരണസംഘങ്ങളില്‍ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ്. എന്നാല്‍, ഈ നിയമനങ്ങളില്‍ പാര്‍ട്ടികളുടെ ഇടപെടല്‍ വ്യാപകമാണെന്നതാണ് വസ്തുത. താഴേത്തട്ടിലുള്ള നിയമനങ്ങളില്‍ സി.പി.എം. പാര്‍ട്ടിതലത്തില്‍ത്തന്നെ ഇടപെടലുണ്ട്. നിയമനം ലഭിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ബാങ്കില്‍ ജോലിചെയ്യാതെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഇറങ്ങും. അതോടെ ബാങ്ക് പ്രതിസന്ധിയിലാകും. വായ്പാ അപേക്ഷകള്‍ പാസാക്കിവിടാനുള്ള സമ്മര്‍ദം പാര്‍ട്ടിയില്‍നിന്നുണ്ടാകുകയും ചെയ്യും.

ബിനാമി ഇടപാടിന്റെ രേഖകള്‍ കണ്ടെത്തി
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് വായ്പത്തട്ടിപ്പുകേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ ബിനാമി ഇടപാടുള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തി. ബിജു കരീം, റെജി അനില്‍കുമാര്‍, കിരണ്‍, എ.കെ. ബിജോയ്, ടി.ആര്‍. സുനില്‍കുമാര്‍, സി.കെ. ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. 29 വായ്പകളില്‍നിന്നായി 14.5 കോടി രൂപ വകമാറ്റിയിട്ടുണ്ട്. ബിജോയിയുടെ വീട്ടില്‍നിന്നാണ് രേഖകളേറെയും കണ്ടെടുത്തത്.

പ്രതികളെ വീട്ടിലെത്തിച്ചും ക്രൈംബ്രാഞ്ച് തെളിവെടുത്തു. ആറു സംഘങ്ങളായി തിരിഞ്ഞായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. പ്രതികളുടെ വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പ്രതികള്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും നിക്ഷേപം നടത്തിയതായും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയില്‍ പ്രതികളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത നാല് സ്വകാര്യ കമ്പനികളിലേക്കും അന്വേഷണം നീളുകയാണ്.

പെസോ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ്, സി.സി.എം. ട്രേഡേഴ്‌സ്, മൂന്നാര്‍ ലക്‌സ്വേ ഹോട്ടല്‍സ്, തേക്കടി റിസോര്‍ട്ട് എന്നീ കമ്പനികളില്‍ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകള്‍ക്കായിട്ടായിരുന്നു പരിശോധന.

അന്വേഷണത്തിന് സമിതി

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പത്തട്ടിപ്പിനെക്കുറിച്ചു പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയന്റ് സെക്രട്ടറി പി.കെ. ഗോപകുമാര്‍, സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയാണ് അന്വേഷിക്കുന്നത്. പത്തുദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ടും ഒരുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കാനാണു നിര്‍ദേശം.

ജനങ്ങളില്‍നിന്നു സ്വീകരിച്ച പണത്തില്‍നിന്ന് വ്യാപകമായ വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സമിതി രൂപവത്കരിക്കാന്‍ കാരണമായ ഉത്തരവില്‍ പറയുന്നത്. 300 കോടിരൂപയുടെ വായ്പത്തട്ടിപ്പ് ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ച കണക്ക്.

104 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞത്. അതിലുമേറെയാണ് വെട്ടിപ്പിന്റെ തോത് എന്നതുകൊണ്ടാണ് പരിശോധനയ്ക്ക് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതിക്കു രൂപംനല്‍കാന്‍ കാരണം.

സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ച എല്ലാ മാര്‍ഗരേഖയും ലംഘിച്ചാണ് വായ്പ നല്‍കിയിട്ടുള്ളതെന്നാണ് ജോയന്റ് രജിസ്ട്രാര്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്. ബാങ്കിലെ കംപ്യൂട്ടര്‍ രേഖകളടക്കം ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്നും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ അന്വേഷണത്തിനൊപ്പം, സംസ്ഥാനത്തെ മറ്റു ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കുമെതിരേ ഉയര്‍ന്ന പരാതികളും ഈ സമിതി തന്നെ പരിശോധിക്കാനാണു തീരുമാനം. അതുപക്ഷേ, ഉത്തരവിന്റെ ഭാഗമാക്കിയിട്ടില്ല.

സമിതിയംഗങ്ങള്‍

പി.കെ. ഗോപകുമാര്‍ (ജോയന്റ് സെക്രട്ടറി), ബിനോയ് കുമാര്‍ (അഡീഷണല്‍ രജിസ്ട്രാര്‍), ഇ. രാജേന്ദ്രന്‍ (ജോയന്റ് ഡയറക്ടര്‍, കണ്ണൂര്‍), അയ്യപ്പന്‍ നായര്‍ (നോഡല്‍ ഓഫീസര്‍ ഐ.ടി.), ആദിശേഷു (ടെക്നിക്കല്‍ എക്സ്പര്‍ട്ട്, കേരള ബാങ്ക്), ജയചന്ദ്രന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍, കാട്ടാക്കട), ജേര്‍ണായില്‍ സിങ് (അസിസ്റ്റന്റ് രജിസ്ട്രാര്‍, ചിറയിന്‍കീഴ്)രജിസ്ട്രാര്‍ നാമനിര്‍ദേശം ചെയ്യന്ന രണ്ട് സഹകരണ ഇന്‍സ്‌പെക്ടര്‍മാര്‍