തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീട്ടില്‍ നിന്ന് കിട്ടിയ വായ്പാ രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇത് ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തി.

ബിനാമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഒരേ ആള്‍ തന്നെ ഏകദേശം അമ്പതോളം ആളുകളുടെ പേരില്‍ വായ്പ എടുത്തിരിക്കുന്നു. എന്നാല്‍ ഇതെല്ലാം ഒരാള്‍ തന്നെയാണോ എടുത്തതെന്ന കാര്യത്തില്‍ ഉറപ്പില്ല. റിസോര്‍ട്ടുകളിലും മറ്റും പ്രതികള്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 

ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിര്‍മിച്ച സോഫ്‌റ്റ്വെയറില്‍ വലിയ രീതിയില്‍ അട്ടിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ഒരേ സമയം തന്നെ പലരും ഉപയോഗിക്കുന്നതും ഓരോരുത്തര്‍ക്കും പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേഡും ഉളളതാണ്. എന്നാല്‍ വിരമിച്ചവരുടെ യൂസര്‍ ഐഡിയും പാസ് വേഡും തട്ടിപ്പ് നടന്ന കാലയളവില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തും. 

കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്ക് അധികൃതരോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.