ദേവസി, മരിച്ച ഭാര്യ ഫിലോമിന
തൃശ്ശൂര്‍: ചികിത്സാ ചെലവിന് ആവശ്യത്തിന് പണം നല്കാത്തതിനാല് നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍. ആര്.ഡി.ഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകന് മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.
മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും പണം നല്‍കിയില്ലെന്നായിരുന്നു നിക്ഷേപകന് ദേവസിയുടെ പരാതി. ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും സമരം നടന്ന് വരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇരിങ്ങാലക്കുട ആര്.ഡി.ഒ-യുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നത്. അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്നും ബാക്കി തുക എത്രയും പെട്ടെന്ന് നല്കാന് നടപടി സ്വീകരിക്കുമെന്നും ആര്.ഡി.ഒ സമരക്കാര്‍ക്ക് ഉറപ്പ് നല്കി. തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
മുപ്പത് ലക്ഷം രൂപയോളം നിക്ഷേപമുണ്ടായിട്ടും മകന്റെ ചികിത്സയ്ക്കായി നേരത്തെ അനുവദിച്ച ചെറിയ തുകയല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നായിരുന്നു ദേവസിയുടെ പരാതി. ചികിത്സയ്ക്കായി പണം ചോദിച്ചപ്പോള്‍ കിട്ടുമ്പോള്‍ തരുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും ദേവസി പറഞ്ഞിരുന്നു.
കേരള ചരിത്രത്തിലെ സമാനതികളില്ലാത്ത തട്ടിപ്പാണ് കരുവന്നൂര്‍ ബാങ്കില്‍ നടന്നത്. ഈ മാസം 13-ന് ഈ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിട്ടിരുന്നു. ദേവസി ഉള്‍പ്പടെ 11000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല. കേസിലെ സങ്കീര്‍ണതകളാണ് കാരണം. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങി. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു.
312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര് പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്ഷന് പണം നിക്ഷേപിച്ചവരാണ്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി.
ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയില്ല. കടക്കെണിയിലായ ബാങ്കിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത്. ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ആരോപണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..