കരുവന്നൂര്‍: ഇഡി അന്വേഷണത്തില്‍ നോട്ടുനിരോധനകാലത്തെ 100 കോടിയും; അപ്രതീക്ഷിത നീക്കം


കരുവന്നൂർ സഹകരണബാങ്കിൽ പരിശോധന നടത്തിയശേഷം പിടിച്ചെടുത്ത രേഖകൾ ഇ.ഡി. ഉദ്യോഗസ്ഥൻ കൊണ്ടുപോകുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്

തൃശ്ശൂര്‍: നോട്ടുനിരോധനക്കാലത്ത് കരുവന്നൂര്‍ സഹകരണ ബാങ്കിലേക്ക് 100 കോടിയുടെ നിക്ഷേപമെത്തുകയും അതേവര്‍ഷം തന്നെ പിന്‍വലിക്കുകയും ചെയ്ത സംഭവം ഇ.ഡി. സമഗ്രമായി അന്വേഷിക്കും. എവിടെനിന്നാണ് പണം എത്തിയതെന്നും ഏതുസമയത്താണ് പിന്‍വലിച്ചതെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

നോട്ട് നിരോധിച്ച 2016-ല്‍ കരുവന്നൂര്‍ ബാങ്കില്‍ പ്രവര്‍ത്തിച്ചിരുന്ന വി ബാങ്ക് സോഫ്റ്റ്വേര്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആ സമയത്തുതന്നെ സോഫ്റ്റ്വേറിലെ ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം ഇല്ലാതാക്കി. ഏതുസമയത്ത് എത്ര തുകയാണ് നിക്ഷേപിച്ചതെന്നും പിന്‍വലിച്ചതെന്നും ഇതിനാല്‍ കണ്ടെത്താനാകില്ല. 2017 ജൂണ്‍ ആറിനാണ് ഡേ ഓപ്പണ്‍, ഡേ എന്‍ഡ് സംവിധാനം പുനഃസ്ഥാപിച്ചത്. ഇതിനോടകം നിക്ഷേപിച്ച തുകയില്‍ ഭീമമായ സംഖ്യ പിന്‍വലിക്കുകയും ചെയ്തു. ആ കാലത്ത് ബാങ്കിലെ ഏതൊരാള്‍ക്കും ഇടപാടുകാര്യം ആരുമറിയാതെ ഡിലീറ്റ് ചെയ്യാമായിരുന്നു. ഇത് പിന്നീട് വീണ്ടെടുക്കാനാകില്ല. ആ രീതിയില്‍ സോഫ്റ്റ്വേറില്‍ കൃത്രിമം നടത്തി.

നോട്ടുനിരോധനക്കാലത്തെ ഇടപാട് എല്ലാവരുടെയും ബാധ്യതയാക്കാനും ആരാണ് നടത്തിയതെന്ന് കണ്ടെത്താതിരിക്കാനുമായി പ്യൂണ്‍ ഉള്‍പ്പെടെ 18 പേരെ സോഫ്റ്റ്വേര്‍ അഡ്മിന്‍മാരാക്കുകയും ചെയ്തു. പേഴ്‌സണല്‍ ലഡ്ജറുകള്‍ ബാങ്കിന്റെ സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇതു ബന്ധിപ്പിച്ച് ആരാണ്, ഏതുവഴിക്കാണ് നിക്ഷേപം സ്വീകരിക്കലും തിരികെ നല്‍കലും നടത്തിയതെന്ന് അറിയാത്ത രീതിയിലാക്കി.

ഓട്ടോമാറ്റിക് പാസ്വേഡ് മാറ്റുന്ന സംവിധനവും മാേനജര്‍ തലത്തിലുള്ള ഉദ്യോഗസ്ഥന്‍ ഇടപാടുകളെല്ലാം പാസാക്കുന്ന രീതിയും സോഫ്റ്റ്വേറില്‍നിന്ന് 2017 ജൂണ്‍ ആറുവരെ റദ്ദാക്കിയിരുന്നു. ഈ കാലത്താണ് നോട്ടുനിരോധനത്തിന്റെ നേട്ടം ജീവനക്കാരും അവര്‍ക്ക് വേണ്ടപ്പെട്ടവരും കൊയ്തത്.

ഇഡിയുടേത് അപ്രതീക്ഷിത നീക്കം

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകേസില്‍ ഇ.ഡി.നടത്തിയത് അപ്രതീക്ഷിതനീക്കം. സി.ബി.െഎ. അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയും തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്ത അതേസമയത്താണ് ഇ.ഡി.മിന്നല്‍ പരിശോധനയ്ക്ക് എത്തിയതെന്നത് ശ്രദ്ധേയം.

ചില നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ തുക നല്‍കിയതായി പ്രതികളില്‍ ചിലര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യംകൂടി കണ്ടെത്തുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. ബാങ്കിലെ ബിനാമി നിക്ഷേപവും പാര്‍ട്ടി ഫണ്ടിലേക്കുള്ള ഒഴുക്കും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ഇ.ഡി.യുടെ ലക്ഷ്യമാണ്.

സഹകരണ വകുപ്പിന്റെയും പോലീസിന്റെയും അന്വേഷണ റിപ്പോര്‍ട്ടിലെ വൈരുധ്യം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. 2019-ലെ ജോയന്റ് രജിസ്ട്രാറുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ്. ഇതുപ്രകാരമാണ് പോലീസും ക്രൈംബ്രാഞ്ചും കേസന്വേഷിക്കുന്നത്.

എന്നാല്‍, സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരം ഉന്നതതലസംഘം നടത്തിയ അന്വേഷണത്തില്‍ 227 കോടിയുടെ തട്ടിപ്പാണ് നടന്നത്. സഹകരണവകുപ്പ് 68 പ്രകാരം നടത്തിയ അന്വേഷണത്തില്‍ നഷ്ടം 104 കോടിയുടേതാണെന്ന് മന്ത്രി പറയുന്നത്. ഈ റിപ്പോര്‍ട്ട് വകുപ്പ് പുറത്തുവിട്ടിട്ടുമില്ല. ഈ കോടികളെല്ലാം വന്നുപോയ വഴി വിശദമായി ഇ.ഡി.അന്വേഷിക്കും.


പണത്തിനായി എത്തിയവര്‍ നിരാശരായി മടങ്ങി

തൃശ്ശൂര്‍: അഞ്ചും ആറും മാസംമുന്നേ കിട്ടിയ ടോക്കണുമായി ബുധനാഴ്ച കരുവന്നൂര്‍ സഹകരണബാങ്കിലെത്തിയവര്‍ നിരാശരായി മടങ്ങി. ബുധനാഴ്ച ഇ.ഡി.യുടെ പരിശോധന നടക്കുന്നതിനാല്‍ ബാങ്കിലേക്ക് ആര്‍ക്കും പ്രവേശനമില്ലായിരുന്നു. ഇതറിയാതെ നിരവധിപേരാണ് 10,000 രൂപ പ്രതീക്ഷിച്ച് വന്നത്.

 പണം പിൻവലിക്കാനെത്തിയ പുത്തൻതോടിലെ ആലീസിനെ സി.ആർ.പി. ജവാന്മാർ കാര്യം പറഞ്ഞ് മടക്കി അയയ്ക്കുന്നു

ബാങ്കില്‍നിന്ന് ആര്‍ക്കും പണം നല്‍കരുതെന്ന ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും അത്യാവശ്യക്കാര്‍ക്ക് 10000 രൂപ നല്‍കുന്നുണ്ട്.

ബാങ്കിലെത്തിയവര്‍ കവാടത്തില്‍ തോക്കുധാരികളായ സുരക്ഷാഭടന്മാരെ കണ്ട് അന്പരന്നു. മലയാളികളായ സി.ആര്‍.പി. ജവാന്മാരും േകരള പോലീസിലെ ഉദ്യോഗസ്ഥരും കാര്യം പറഞ്ഞ് മടക്കി അയച്ചു.

മരിച്ചാല്‍ മാത്രമേ പണം കിട്ടുകയുള്ളോ എന്ന് ചോദിച്ചാണ് പുത്തന്‍തോടിലെ ആലീസ് രോഷമടക്കിയത്. ഞങ്ങളോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ലെന്ന് സി.ആര്‍.പി. ജവാന്മാരും കൈമലര്‍ത്തി.

കരുവന്നൂരിലെ ആലങ്ങാട്ടില്‍ തോമസ് എത്തിയത് മരുന്ന് വാങ്ങാനുള്ള പണം കിട്ടാനായാണ്. 35 ലക്ഷമുണ്ട് ബാങ്കില്‍. തലപ്പിള്ളിയിലെ റിട്ട. അധ്യാപിക മറിയാമ്മ എത്തിയതും മരുന്നിന് പണം വാങ്ങാന്‍. ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങുംമുന്നേ പോലീസുകാര്‍ കാര്യം പറഞ്ഞു. കാലിന് സുഖമില്ലാത്ത മറിയാമ്മ അതിനാല്‍ വണ്ടിയില്‍നിന്ന് ഇറങ്ങാതെ മടങ്ങി. നിരവധിപേരാണ് പണത്തിനായി ബുധനാഴ്ച ബാങ്കിലെത്തിയത്.

50 കോടി രൂപ സമാഹരിക്കുമെന്ന് സര്‍ക്കാര്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്കിലെ പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പദ്ധതിക്ക് രൂപംനല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്നുമാസത്തിനുള്ളില്‍ 50 കോടി സമാഹരിക്കും. അത്യാവശ്യക്കാരായ നിക്ഷേപകരുടെ പണം തിരികെനല്‍കുന്നതോടൊപ്പം ചെറിയ നിക്ഷേപ പദ്ധതികളിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

സമാഹരിക്കുന്ന പണം എങ്ങനെ വിതരണം ചെയ്യും എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ചെയ്യാന്‍ സര്‍ക്കാരിനും സഹകരണ വകുപ്പ് രജിസ്ട്രാര്‍ക്കും ജസ്റ്റിസ് ടി.ആര്‍. രവി നിര്‍ദേശം നല്‍കി.

നിക്ഷേപിച്ച തുക തിരികെനല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളുടെ പുനരുദ്ധാരണത്തിനായി രണ്ടുതരം പദ്ധതിക്കാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരസമിതി രൂപം നല്‍കിയിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ഗവ. പ്‌ളീഡര്‍ പി.പി. താജുദ്ദീന്‍ വിശദീകരിച്ചു.

കരുവന്നൂരിന്റെ കാര്യത്തില്‍ ഹ്രസ്വകാല പദ്ധതിയിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 40 കോടി രൂപ സമാഹരിക്കാനായാല്‍ കരുവന്നൂര്‍ ബാങ്കിലെ നിലവിലെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സമിതി വിലയിരുത്തിയത്. നിലവില്‍ നല്‍കിയിട്ടുള്ള വായ്പകള്‍ തിരികെ പിടിക്കുന്നതിനായി കൂടുതല്‍ സെയില്‍സ് ഓഫീസര്‍മാരെയും നിയമിക്കും.

വായ്പ തിരികെ അടയ്ക്കുന്ന കാര്യത്തില്‍ വീഴ്ചവരുത്തിയവരുടെ വസ്തുലേലം സ്റ്റേ ചെയ്ത കേസുകളും കോടതിയുടെ പരിഗണനയ്ക്കുവന്നു. ഇത്തരം കേസുകളില്‍ കുറച്ചുതുക അടയ്ക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

ഇത് പാലിക്കാത്തവരുടെ കാര്യത്തിലുള്ള സ്റ്റേ കോടതി നീക്കി. ബാങ്കില്‍ നിക്ഷേപിച്ച 90 ലക്ഷത്തോളം രൂപ തിരികെനല്‍കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ബാങ്കില്‍ ഉന്നയിക്കാനും നിര്‍ദേശിച്ചു. ഹര്‍ജി രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Content Highlights: karuvannur bank-100 crore during demonetisation in ED investigation; An unexpected move


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented