തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികള്‍ക്ക് വിവിധ ബാങ്കുകളിലായി ഏഴിലധികം അക്കൗണ്ടുകള്‍ ഉള്ളതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പെസ്സോ ഇന്റര്‍നാഷണല്‍, തേക്കി റിസോര്‍ട്ട് തുടങ്ങിയവയുടെ പേരിലാണ് അക്കൗണ്ടുള്ളത്. ഇവര്‍ നിരവധി ഭൂമിയിടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്. അതിനിടെ ക്രൈം ബ്രാഞ്ച് സംഘം ബാങ്കില്‍ നടത്തിയ പരിശോധനയില്‍ വ്യാജ വായ്പാ രേഖകള്‍ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ലോക്കറുകളും കണ്ടെത്തിയിട്ടുണ്ട്. 

കേസിലെ ആറ് പ്രതികളും വിവിധ പേരുകളില്‍ നിരവധി അക്കൗണ്ടുകളാണ് പല ബാങ്കിലായി എടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ മാത്രം ഏകദേശം അന്‍പതിലേറെ വായ്പകളാണ് എടുത്തിട്ടുള്ളത്. 1700-ലധികം വ്യാജ വായ്പകള്‍ കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉള്ളതായി നേരത്തെ പുറത്തുവന്നിരുന്നു. 

പെസ്സോ ഇന്റര്‍നാഷണല്‍, തേക്കി റിസോര്‍ട്ട് തുടങ്ങിയവയുടെ പേരിലുള്ള അക്കൗണ്ടുകളിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട പണം നിക്ഷേപിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈം ബ്രാഞ്ച് സംഘം ശേഖരിച്ചിട്ടുണ്ട്. നാഷണലൈസ്ഡ് ബാങ്കുകളിലാണ് പ്രതികള്‍ക്ക് അക്കൗണ്ടുകളുള്ളത്. ഈ അക്കൗണ്ടുകള്‍ കണ്ടെത്തുകയും അവ മരവിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കിയിട്ടുണ്ട്.  

വ്യാജ വായ്പകളുടെ രേഖകള്‍, അതുമായി ബന്ധപ്പെട്ട ആധാരങ്ങള്‍, തുടങ്ങിയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ ഉണ്ടെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇക്കാര്യം ക്രൈം ബ്രാഞ്ച് ഔദ്യാഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധകള്‍ ബാങ്കിനെ കേന്ദ്രീകരിച്ച് നടത്തുമെന്ന് ക്രൈം ബ്രാഞ്ച് സംഘം വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Karuvannoor bank scam accused has several accounts in nationalised banks