കൊച്ചി: ഞായറാഴ്ച പുലര്‍ച്ചെ കറുകുറ്റിയില്‍ ട്രെയിന്‍ പാളംതെറ്റി ഉണ്ടായ അപകടത്തില്‍ ദക്ഷിണ റെയില്‍വേയുടെ  നാലംഗ വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ചു. ദൃക്‌സാക്ഷികളില്‍ നിന്നും ലോക്കോ പൈലറ്റുമാരില്‍ നിന്നും സമിതി മൊഴിയെടുക്കും. ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസാണ് സമിതി ചെയര്‍മാന്‍. 

പാളത്തിലെ പൊട്ടലാണ് അപകടകാരണമെന്നാണ് നിഗമനം. അട്ടിമറി സാധ്യത തള്ളിയ റെയില്‍വേ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് വിള്ളലിന് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്വേഷണ വിധേയമായി റെയില്‍വേ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടര്‍ രാജു ഫ്രാന്‍സിസിനെ സസ്‌പെന്‍ഡു ചെയ്തിട്ടുമുണ്ട്.

പാളത്തില്‍ വിള്ളല്‍ എങ്ങനെ ഉണ്ടായെന്ന കാര്യത്തില്‍ സമിതി വിശദമായ പരിശോധന നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഒന്‍പത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അപകടവുമായി ബന്ധപ്പെട്ട രേഖകള്‍ സമിതി പരിശോധിക്കുന്നുണ്ട്.

ചീഫ് ട്രാക്ക് എഞ്ചിനീയര്‍ ലത്തീഫ് ഖാന്‍, ചീഫ് ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിനീയര്‍ ചൗധരി, ചീഫ് റോളിങ് സ്‌റ്റോക്ക് എഞ്ചിനീയര്‍ പാസ്വാന്‍ എന്നിവരും സമിതിയിലുണ്ട്. അപകടം സംബന്ധിച്ച് എറണാകുളം റെയില്‍വേ പോലീസും സമാന്തരമായി കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.