കാസര്‍ക്കോട്‌: കേരളത്തില്‍ കോവിഡ് വ്യാപനം കുറയുംവരെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി നടപ്പാക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തിനെതിരെ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ പ്രതിഷേധം. സര്‍ട്ടിഫിക്കറ്റില്ലാതെ അതിര്‍ത്തിയില്‍ എത്തിയവരെ തിരിച്ചയച്ചതോടെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടങ്ങിയത്.

വിദേശ രാജ്യങ്ങള്‍ ഉള്‍പ്പടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക എടുത്ത തീരുമാനം ശരിയല്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മാസ്‌ക് ഇടുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യാതെയാണ് ഉദ്യോഗസ്ഥരുടെ പരിശോധനയെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. 

എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കുറയുംവരെ പരിശോധനയില്‍ ഇളവുണ്ടാകില്ലെന്ന്  കര്‍ണാടക എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും അടിയന്തരാവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും മാത്രമായിരിക്കും ഇളവ് നല്‍കുക. അതിര്‍ത്തിയില്‍ പരിശോധനാ സംവിധാനം സജ്ജീകരിക്കില്ലെന്നും എഡിജിപി വ്യക്തമാക്കി.

ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ഇല്ലാതെ ബെംഗളൂരുവില്‍ എത്തുന്നവര്‍ക്ക്  ക്വാറന്റീനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബെംഗലൂരു നഗരത്തിലെ ഹോസ്റ്റലുകളും ഹോട്ടലുകളുമാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഈ കേന്ദ്രങ്ങളിലേക്ക് മാറ്റി. എല്ലാ റെയില്‍വേ സ്റ്റേഷവുകളിലും പരിശോധന തുടരും. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്ന ട്രെയിനുകള്‍ നിര്‍ത്തുന്ന സ്‌റ്റേഷനുകളിലാണ് പ്രധാനമായും പരിശോധന. 

അതേ സമയം തിഴ്‌നാട് ഈ മാസം അഞ്ച് വരെ പരിശോധയില്‍ ഇളവ് നല്‍കി. വാളയാറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്ല. കുമളി ചെക്ക് പോസ്റ്റിലും പരിശോധന ശക്തമല്ല.