മംഗളൂരുവിനടുത്ത് സുള്ള്യയിൽ കൊലചെയ്യപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന് അന്തിമോചാരമർപ്പിക്കാനെത്തിയ മന്ത്രി വി. സുനിൽകുമാറിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകർ
മംഗളൂരു: യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധത്തിനിറങ്ങിയത്.
പ്രവീണ്‍ നെട്ടാരുവിന്റെ വീട് സന്ദര്‍ശിക്കാന്‍ ബിജെപി നേതാക്കളെ പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പ്രവീണ്‍ നെട്ടാരുവിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.പി.യുമായ നളിന്‍ കുമാര്‍ കട്ടീലിനെയും മന്ത്രി വി. സുനില്‍ കുമാറിനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. ഇരുവരുടെ കാറുകള്‍ തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം പ്രതിഷേധിച്ചു.
സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ബൊമ്മെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം റദ്ദാക്കി. ഇന്ന് ബെംഗളൂരുവില്‍ നടക്കാനിരുന്ന ആഘോഷ റാലിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ചിക്കമംഗളൂരുവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് കൂട്ടത്തോടെ രാജിവെച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ശിവമോഗയില്‍ ബജ്റംഗ്ദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്പോഴായിരുന്നു ഇത്.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ കമ്മിറ്റി അംഗം സുള്ള്യക്കടുത്തുള്ള ബെള്ളാരെ നെട്ടാറു സ്വദേശി പ്രവീണ്‍ നെട്ടാരു(26)വാണ് ചൊവ്വാഴ്ച രാത്രി വെട്ടേറ്റുമരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് സുള്ള്യയില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് സംഘം എത്തിയതെന്ന് പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി ബെല്ലാരെ പോലീസ് കേരള പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
ബി.ജെ.പി. ഭരണത്തില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. പാര്‍ട്ടിപ്രവര്‍ത്തകരുടെയും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെയും ജീവന് സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് ആരോപണം.
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം. അന്വേഷണത്തിന് കര്‍ണാടക പോലീസ് കേരള പോലീസിന്റെ സഹായം തേടിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മംഗളൂരു പോലീസ് സൂപ്രണ്ട് കാസര്‍കോട് പോലീസ് സൂപ്രണ്ടുമായി സംസാരിച്ചിട്ടുണ്ട്. കര്‍ണാടക ഡി.ജി.പി. കേരള ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ട്. -ബൊമ്മെ അറിയിച്ചു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണോ കൊലപാതകമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കൊലപാകത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അര്‍ധരാത്രി അടിയന്തര വാര്‍ത്താസമ്മേളനം വിളിച്ചാണ് സര്‍ക്കരിന്റെ വാര്‍ഷിക ആഘോഷപരിപാടികള്‍ റദ്ദാക്കിയ വിവരം അറിയിച്ചത്.
'എന്തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ കൊന്നതെന്ന് എനിക്കറിയില്ല. എന്നും കടയടച്ച് വീട്ടിലേക്ക് വരുമ്പോള്‍ ഞാനും കൂടെ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്, പ്രതികള്‍ ശിക്ഷിക്കപ്പെടണം. ഏറെക്കാലമായി ബിജെപി അംഗമായിരുന്നു. പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു', പ്രവീണിന്റെ ഭാര്യ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..