അബ്ദുൾനാസർ മദനി(ഫയൽഫോട്ടോ):മാതൃഭൂമി
ന്യൂഡല്‍ഹി: ബെംഗളൂരു സ്ഫോടന കേസില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് വിചാരണ കോടതിയില്‍ ആരംഭിക്കാനിരിക്കുന്ന അന്തിമ വാദം കേള്‍ക്കല്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം നേരത്തെ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അബ്ദുള്‍ നാസര്‍ മദനി,തടിയന്റെവിട നസീര്‍ ഉള്‍പ്പടെ കേസിലെ ഇരുപത്തിയൊന്ന് പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. ഉടന്‍ തന്നെ വിചാരണ കോടതിയില്‍ ആരംഭിക്കാന്‍ ഇരിക്കുന്ന അന്തിമ വാദം കേള്‍ക്കല്‍ സ്റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത വിക്രം നാഥ് എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു.
വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ള പ്രതികളുടെ വാദം. തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം നല്കിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ അനുവദിച്ചാല്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. ആ വിചാരണ അനന്തമായി നീട്ടും എന്നും പ്രതികളുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി അഭിഭാഷകന് ഹാരിസ് ബീരാന് സുപ്രീംകോടതിയില്‍ ഹാജരായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..