കൊല്ലം തിരുമുല്ലവാരത്തെ ബലിതർപ്പണച്ചടങ്ങ് | ഫോട്ടോ: അജിത് പനച്ചിക്കൽ /മാതൃഭൂമി
കോഴിക്കോട്: പിതൃസ്മരണയില്‍ കര്‍ക്കടക വാവുബലി അർപ്പിച്ച് ആയിരങ്ങള്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പിതൃമോക്ഷപുണ്യം തേടി സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടന്നു. കോവിഡ് ഭീഷണി തുടരുന്നുവെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്തതിനാല്‍ സംസ്ഥാനത്ത് എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബുധനാഴ്ച രാത്രി 9.25 മുതല്‍ വ്യാഴാഴ്ച രാത്രി 11 വരെ വാവുള്ളതിനാല്‍ രണ്ടുദിവസങ്ങളിലായാണ് ഇത്തവണ ചടങ്ങുകള്‍ നടക്കുന്നത്.
ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, കൊല്ലം തിരുമുല്ലവാരം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിങ്ങനെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതല്‍ ആയിരങ്ങളാണ് ബലിദര്‍പ്പണത്തിനായി എത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുകൊല്ലം ഭാഗികമായി മുടങ്ങിയ പിതൃതര്‍പ്പണച്ചടങ്ങുകള്‍ ഇത്തവണ പൂര്‍ണമായി നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു.
തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമിക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയ്ക്ക് 2.30ന് തര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. വര്‍ക്കല പാപനാശം കടപ്പുറത്ത് ബുധനാഴ്ച രാത്രി 9.10ന് തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിച്ചു. വൈകീട്ടുമുതല്‍ പുണ്യതീരത്തേക്ക് നിരവധിപ്പേര്‍ എത്തിത്തുടങ്ങിയിരുന്നു. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂര്‍ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും ബലിക്ക് നിരവധി പേരാണെത്തുന്നത്. കൊല്ലം, തിരുമുല്ലവാരത്ത് ഇന്നലെ രാത്രിതന്നെ പിതൃതര്‍പ്പണത്തിനായി ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു.
ആലുവ ശിവരാത്രി മണപ്പുറത്ത് ബുധനാഴ്ച രാത്രിയില്‍ തന്നെ ബലിതര്‍പ്പണം ആരംഭിച്ചിരുന്നു. ശക്തമായ മഴയില്ലാത്തതിനാല്‍ പുഴയില്‍ ജലനിരപ്പ് സാധാരണ നിലയിലാണ്. തെളിഞ്ഞാണ് പുഴ ഒഴുകുന്നത്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മണപ്പുറത്ത് കര്‍ക്കടക വാവ് ബലിതര്‍പ്പണം ഉണ്ടായിരുന്നില്ല. ഇത്തവണ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ല. വലിയ തിരക്ക് ഉണ്ടാകുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

.jpg?$p=9672b63&f=1x1&w=284&q=0.8)


.jpg?$p=05327a1&q=0.8&f=16x10&w=284)
പാലക്കാട് ജില്ലയില്‍ തൃത്താല ഭാരതപ്പുഴയോരത്തെ യജ്ഞേശ്വരം ക്ഷേത്രക്കടവ്, പട്ടാമ്പിയിലെ ഭാരതപ്പുഴയുടെ ആറാട്ടുകടവ്, തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രക്കടവ്, ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രക്കടവ്, തിരുവേഗപ്പുറ മഹാക്ഷേത്രം ആറാട്ടുകടവ് ഷൊര്‍ണൂര്‍ ശാന്തിതീരം, ഭാരതപ്പുഴയുടെ തീരം എന്നിവിടങ്ങളിലടക്കം ചടങ്ങുകള്‍ക്കായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാവായ നാവാമുകുന്ദക്ഷേത്രക്കടവിലും വാവുബലിതര്‍പ്പണം വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങി. വാവിനെത്തുന്നവര്ക്ക് ബുദ്ധിമുട്ട് കൂടാതെ ബലിതര്‍പ്പണം നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ദേവസം ഒരുക്കിയിട്ടുണ്ട്. 16 കര്‍മികളാണ് പുലര്‍ച്ചെ രണ്ടു മുതല്‍ ബലിതര്‍പ്പണം നടത്തുന്നത്.
കോഴിക്കോട് വരക്കല്‍ കടപ്പുറത്ത് ശ്രീകണ്ഠേശ്വരക്ഷേത്രയോഗത്തിന്റെയും വരക്കല്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന്റെയും വരക്കല്‍ ബലിതര്പ്പണസമിതിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിലാണ് ബലി തര്‍പ്പണം നടക്കുന്നത്. വെള്ളയില്‍ കടപ്പുറത്ത് തൊടിയില്‍ ഭഗവതിക്ഷേത്രത്തിന്റെ നേതൃത്വത്തിലും ചടങ്ങുകള്‍ തുടങ്ങി. തിരുനെല്ലി പാപനാശിനിക്കരയില്‍ ആരംഭിച്ച ബലിതര്‍പ്പണം ഉച്ചയ്ക്ക് രണ്ട് വരെ നീളും. പിതൃമോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ കര്ക്കടകവാവുബലിദിനത്തില് തിരുനെല്ലിയില്‍ പതിനായിരങ്ങള്‍ എത്താറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..