-
കൊച്ചി: കരിപ്പൂർ, ലാൻഡിങ് ശ്രമകരമായ വിമാനത്താവളമാണെന്നും ഇവിടെ ലാൻഡ് ചെയ്തുള്ള പരിചയം നിലനിർത്തുന്നതിനായി കമ്പനി എല്ലാ ക്യാപ്റ്റൻമാരെയും ഇടയ്ക്കിടെ ഇങ്ങോട്ടുള്ള ഫ്ലൈറ്റുകളിൽ നിയോഗിക്കാറുണ്ടെന്നും എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ്. ലാൻഡിങ് സഹപൈലറ്റിന് നൽകരുതെന്ന് നിർദേശമുള്ള അപൂർവം എയർപോർട്ടുകളിൽ ഒന്നാണ് ഇതെന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത സീനിയർ പൈലറ്റ് പറഞ്ഞു. കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായ പശ്ചാത്തലത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ക്യാപ്റ്റൻ ദീപക് വസന്ത് സാത്തെ വളരെ പരിചയസമ്പന്നനായ പൈലറ്റാണ്. അപകടത്തിൽ ഏറെ ദു:ഖമുണ്ട്. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് ഇപ്പോൾ പറയുക സാധ്യമല്ല. സാങ്കേതിക തകരാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്. പക്ഷേ, ഒരു പൈലറ്റെന്ന നിലയിൽ പറയുകയാണെങ്കിൽ ലാൻഡിങ് ഏറെ ശ്രമകരമായ വിമാനത്താവളമാണ് കരിപ്പൂരിലേത്. നിരവധി തവണ ഞാനിവിടെ ലാൻഡ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത കാലാവസ്ഥകളിൽ ഇവിടെ ലാൻഡ് ചെയ്ത് പരിചയം നേടുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസിലെ എല്ലാ പ്രധാന പൈലറ്റുമാരെയും വർഷത്തിൽ രണ്ടോ മൂന്നോ തവണ കരിപ്പൂരിലേക്ക് നിയോഗിക്കാറുണ്ടെന്നതാണ് വാസ്തവം. അതുപോലെ പരിചയം നിലനിർത്താൻ നിയോഗിക്കുന്ന മറ്റൊരു വിമാനത്താവളം മംഗലാപുരമാണ്.'
'കരിപ്പൂർ വിമാനത്താവളത്തെ 'ട്രിക്കി' ആക്കുന്ന പല ഘടകങ്ങളുമുണ്ട്,' അദ്ദേഹം തുടരുന്നു. 'അതിൽ പ്രധാനം വിമാനത്താവളം ഇരിക്കുന്ന സ്ഥലവും കാലാവസ്ഥയും തന്നെയാണ്. ടേബിൾ ടോപ്പ് മോഡൽ ആണെന്നതു കൂടാതെ റൺവേയ്ക്ക് നീളവും കുറവാണ്. തീരെ നീളമില്ലെന്നല്ല, റൺവേയുടെ നീളം കൂടുന്തോറും പൈലറ്റിന്റെ ആത്മവിശ്വാസവും കൂടുതലായിരിക്കും. ലാൻഡിങ് കൂടുതൽ അനായാസമായിരിക്കും. മാത്രമല്ല, മലമ്പ്രദേശമായതിനാൽ ലോ ക്ലൗഡ്സ് ഇവിടെ എപ്പോഴുമുണ്ടാകും. ഈയൊരു പശ്ചാത്തലത്തിൽ അതിരാവിലെയോ രാത്രി വൈകിയോ ഇവിടെ ലാൻഡ് ചെയ്യുക എന്നത് ഏത് പൈലറ്റിനെയും സംബന്ധിച്ച് അത്ര എളുപ്പമാവില്ല. എന്നെ സംബന്ധിച്ച് ലാൻഡിങ്ങിന് മുമ്പേ ഞാനേറ്റവും ജാഗ്രതയോടെ ഇരിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് കരിപ്പൂർ' -എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..