Photo: ANI
കോഴിക്കോട്: വലിയ ശബ്ദത്തോടെ വിമാനം താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി ജയ. ലാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്ന അറിയിപ്പ് കിട്ടിയിരുന്നുവെന്നും വിമാനം റണ്‍വേയിലെത്തി കുറച്ച് കഴിഞ്ഞപ്പോള്‍ വലിയ ശബ്ദം കേട്ടുവെന്നും അവര്‍ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.
വിമാനത്തിനുള്ളിലേക്ക് താന്‍ തെറിച്ചുപോവുകയും ബെല്‍റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. വിമാനത്തിന്റെ ഏറ്റവും പുറകിലത്തെ സീറ്റിലായിരുന്നു ഇരുന്നത്. ലാന്‍ഡ് ചെയ്തശേഷം വലിയ വേഗതയിലായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തെറിച്ചുപോയി. പിന്നിലിരുന്ന കുറച്ച് ആളുകള്‍ക്ക് മാത്രമേ പരുക്കില്ലാതെയുള്ളൂവെന്നും ജയ പറഞ്ഞു.
റണ്‍വേയുടെ അറ്റത്താണ് സംഭവം നടന്നതെന്ന വിവരമാണ് ലഭിച്ചതെന്നും വിമാനത്താവളത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനേ തുടര്‍ന്നാണ് എത്തിയതെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ പരിസരവാസി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. അപകടമുണ്ടായപ്പോല്‍ പുക ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റണ്‍വേയില്‍ ഇറങ്ങിയ വിമാനം തെന്നി മാറി കൊണ്ടോട്ടി ഭാഗത്തേക്കുള്ള റോഡിന്റെ സൈഡിലേക്ക് മറിഞ്ഞുവെന്ന് പ്രദേശവാസിയായ ഹനീഫ മാസ്റ്റര്‍ മീഡിയ വണ്ണിനോട് പ്രതികരിച്ചു. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. തീപിടുത്തം ഉണ്ടായില്ലെന്നും പ്രദേശത്തുനിന്ന് എല്ലാ യാത്രക്കാരേയും മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം താഴേക്ക് ഇറങ്ങവെ നിയന്ത്രണം വിട്ട് താഴേക്ക് വീണതായാണ് സൂചനയെന്ന് കൊണ്ടോട്ടി സിഐയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍നിന്ന് എല്ലാ യാത്രക്കാരേയും പുറത്തെത്തിച്ചുവെന്ന് സംഭവസ്ഥലത്ത് നിന്ന് ദൃക്സാക്ഷിയും പ്രദേശവാസിയുമായ ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
content highlights: Karipur Flight Crash
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..