കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. സ്വര്‍ണ്ണം കൊള്ളയടിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. സംഘത്തിന്റെ പിടിയിലായ കാസര്‍കോഡ് സ്വദേശികളെ മൃഗീയമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങളഴിച്ച് ദേഹ പരിശോധന നടത്തി.  കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചെന്നും പരാതിയുണ്ട്. കാസര്‍കോഡ് ഉദുമ സ്വദേശികളായ സന്തോഷ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരാതി നല്‍കിയത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വ‌ന്നിറങ്ങിയപ്പോഴാണ് സന്തോഷിനും സത്താറിനും ദുരനുഭവമുണ്ടായത്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച് കോഴിക്കോട്ടേക്കു പോവുകയായിരുന്നു. പിറകില്‍ കാറുമായി വന്ന കൊള്ളസംഘം ഇവരെ തടഞ്ഞു നിർത്തി. കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും സന്തോഷും സത്താറും പോലീസിനോട് പറഞ്ഞു. 

കൊണ്ടുവന്ന സ്വര്‍ണ്ണമെവിടെ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദിച്ചത്. ഇതിനു ശേഷം ഓരോരുത്തരുടെയും കയ്യിലുണ്ടായിരുന്നു 15000, രൂപയും 18,000 രൂപയും മൂന്നരപവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തിട്ടുണ്ട്. 

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തും വിധം ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്. കഴിഞ്ഞ ദിവസം സാമനമായ മറ്റൊരു സംഭവമുണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് സംഘത്തെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ

content highlights: Karippur Calicut International Airport, Robbery