കൊതുകിനെ നിത്യശത്രുവായി പ്രഖ്യാപിച്ച് പോരാടിയ ഒറ്റയാന്‍, മൈക്ക്‌സെറ്റില്‍ പ്രചാരണം; കറപ്പന് വിട


പാത്രങ്ങളില്‍ വെള്ളംവെച്ച് കൊതുകുകളെ ആകര്‍ഷിച്ചശേഷം കൊതുകുമുട്ടകളും ലാര്‍വകളും മണ്ണിലൊഴിച്ച് നശിപ്പിക്കുകയെന്ന തന്റെ ലളിതമായ ജൈവ കൊതുകുനിര്‍മാര്‍ജനരീതിയുടെ പ്രചാരണത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു

എഎം കറപ്പൻ

കോഴിക്കോട്: സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി ജയില്‍വാസംവരെ അനുഷ്ഠിച്ച ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ രാഷ്ട്രീയ വനവാസകാലത്ത് കൊതുകിനെതിരേ യുദ്ധം പ്രഖ്യാപിച്ച കഥ ചരിത്രത്തിലെത്തന്നെ അപൂര്‍വതയാണ്. ലോകത്തുതന്നെ പ്രഥമ കൊതുകുവിരുദ്ധസമ്മേളനം സംഘടിപ്പിച്ച അധികാരി മണമ്മല്‍ കറപ്പന്റെ വിയോഗത്തിലൂടെ കാലം ഓര്‍മയാക്കിയത് കൊതുകിനെ നിത്യശത്രുവായി പ്രഖ്യാപിച്ച ഒറ്റയാനെയാണ്.

കൊതുകുകള്‍ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നെന്ന തോന്നലില്‍നിന്നാണ് കറപ്പന്‍ കടുത്ത കൊതുകുവിരോധിയായിമാറിയത്. പാത്രങ്ങളില്‍ വെള്ളംവെച്ച് കൊതുകുകളെ ആകര്‍ഷിച്ചശേഷം കൊതുകുമുട്ടകളും ലാര്‍വകളും മണ്ണിലൊഴിച്ച് നശിപ്പിക്കുകയെന്ന തന്റെ ലളിതമായ ജൈവ കൊതുകുനിര്‍മാര്‍ജനരീതിയുടെ പ്രചാരണത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചു. വാടകയ്‌ക്കെടുത്ത സൈക്കിള്‍റിക്ഷയിലും ഓട്ടോറിക്ഷയിലും ജീപ്പിലും തന്റെ പുതിയ മാരുതിക്കാറിലുംവരെ മൈക്ക്സെറ്റ് സ്ഥാപിച്ച് തൊണ്ണൂറുകളില്‍ പ്രചാരണം നടത്തിയ കറപ്പന്‍, ലക്ഷങ്ങളാണ് അതിനായി സ്വന്തംകൈയില്‍നിന്ന് ചെലവഴിച്ചത്.

ചായക്കടയില്‍ തുടങ്ങിയ തൊഴിലാളിജീവിതം

മലപ്പുറം ഏറനാട് താലൂക്കിലെ നെടുവ ദേശത്ത് പരേതരായ എ.എം. ചോയി-കുഞ്ഞീര ദമ്പതിമാരുടെ ഒന്‍പതുമക്കളില്‍ അഞ്ചാമനായി 1928 ഡിസംബര്‍ 26-ന് ജനിച്ച കറപ്പന്‍ ഒന്‍പതാം വയസ്സിലാണ് കോഴിക്കോട്ട് എത്തിച്ചേരുന്നത്. മൂത്ത സഹോദരി നാരായണിയുടെ ഭര്‍ത്താവ് അയ്യപ്പൂട്ടി കല്ലായി പാലത്തിനടുത്ത് നടത്തിയിരുന്ന ചായക്കടയില്‍ സഹായിയായി 11-ാം വയസ്സില്‍ ജോലിയ്ക്ക് കയറി. പറ്റുകാരില്‍ നിന്ന് പണം കിട്ടാതെ വന്നതോടെ സഹോദരീ ഭര്‍ത്താവ് ചായക്കച്ചവടം നിര്‍ത്തിയെങ്കിലും, കറപ്പന്റെ ജ്യേഷ്ഠന്‍മാര്‍ കച്ചവടം തുടര്‍ന്നു. ചായകുടിക്കാന്‍ പതിവായെത്തുന്ന കല്ലായിയിലെ മരമില്ലുകളിലെ തൊഴിലാളികളുമായുള്ള ചങ്ങാത്തം കാരണം കറപ്പന്‍ പിന്നീട് യൂണിയന്‍ മരമില്ലിലെ തൊഴിലാളിയുമായി.

സമരം നയിച്ച് മൈസൂര്‍ ജയിലില്‍

1945-ല്‍ കുന്നിക്കല്‍ മാധവന്റെ വൊളന്റിയര്‍ കോറില്‍ അംഗമായി ചേരുമ്പോള്‍ കറപ്പന് പ്രായം 16. പുന്നപ്ര-വയലാര്‍ സമരകാലത്ത് നാഷണല്‍ സ്റ്റുഡിയോ ഉടമ കരുണാകര മേനോന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ കണ്ണന്തോടത്ത് ജനാര്‍ദനന്‍ നായരെ കറപ്പന്‍ യാദൃച്ഛികമായി കണ്ടുമുട്ടി. ജനാര്‍ദനന്‍നായരുടെ ക്ലാസില്‍ പങ്കെടുത്ത അന്ന് നാസ്തികവാദം തലയ്ക്ക് പിടിച്ച കറപ്പന്‍ പിന്നീട് ജീവിതാന്ത്യം വരെ നിരീശ്വരവാദിയായി. സോഷ്യലിസത്തില്‍ ആകൃഷ്ടനായ കറപ്പന്‍ 1947 സെപ്റ്റംബര്‍ 21- ന് കോഴിക്കോട് ടൗണ്‍ഹാളില്‍ രൂപംകൊണ്ട കെ.എസ്.പി.യില്‍ അംഗമായി. മൈസൂര്‍ രാജാവിനെതിരേ മൈസൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധജാഥയില്‍ അണിനിരക്കാന്‍ അന്ന് കണ്‍വെന്‍ഷന്‍ നിയോഗിച്ചത് കറപ്പനെയും സുഹൃത്ത് ആതാടി ദാമോദരനെയുമായിരുന്നു. ജാഥയില്‍ പങ്കെടുത്തതിന് മൈസൂര്‍ സെന്‍ട്രല്‍ ജയിലില്‍ കറപ്പനും ദാമോദരനും തടവിലായി.

മത്തായി മാഞ്ഞൂരാന്റെ സ്വതന്ത്രകേരള വാദഗതിയില്‍ വിയോജിച്ച് പില്‍ക്കാലത്ത് കറപ്പന്‍ ആര്‍.എസ്.പി.യില്‍ ചേര്‍ന്നു. കല്ലായി പ്രീമിയര്‍ മരമില്ലിലെ പണിമുടക്ക് കാലത്ത് തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനായി പലചരക്ക് സാധനങ്ങളെടുത്ത 'പറ്റ്'തുകയുടെ ബാധ്യത കറപ്പനില്‍ വന്നുചേര്‍ന്നു. ആനുകൂല്യം ലഭിച്ചിട്ടും തൊഴിലാളികള്‍ കൈമലര്‍ത്തിയതോടെ, കടം വീട്ടാനുള്ള പണം സമ്പാദിക്കാന്‍ കറപ്പന്‍ ആന്ധ്രാപ്രദേശിലേക്ക് തീവണ്ടികയറി. ഹൈദരാബാദിലും, പിന്നീട് മുംബൈയിലുമൊക്കെയായി പാചകജോലി ചെയ്തും മരമില്ലുകളില്‍ പണിയെടുത്തും കഴിഞ്ഞ അദ്ദേഹം പാര്‍ട്ടി നിര്‍ദേശപ്രകാരം മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തി. വലിയങ്ങാടിയില്‍ 118 കൈവണ്ടി ത്തൊഴിലാളികള്‍ നടത്തിയ പണിമുടക്കിന് നേതൃത്വം നല്‍കിയതിന് 1957- ല്‍ വീണ്ടും ഇരുമ്പഴികള്‍ക്ക് പിന്നിലായി.

രാഷ്ട്രീയം വിട്ട് മരവ്യവസായത്തിലേക്ക്

വിമോചനസമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ വിയോജിച്ച് ആര്‍.എസ്.പി. സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹം 1958- ല്‍ സജീവ രാഷ്ട്രീയത്തിന് വിരാമമിട്ടു. സുഹൃത്തായ ആതാടി ദാമോദരനൊപ്പം ചേര്‍ന്ന് കുടകില്‍ വിറകു കച്ചവടം നടത്തിയ കറപ്പന്‍ 1960- ലാണ് മാങ്കാവ് ആസ്ഥാനമാക്കി 'ന്യൂ ടിമ്പര്‍ ട്രേഡേഴ്‌സ്' എന്ന പേരില്‍ മരമില്ല് സ്ഥാപിക്കുന്നത്. മരവ്യവസായവും കയറ്റുമതിയുമെല്ലാം പച്ചപ്പിടിച്ചതോടെ പത്തിലധികം വിദേശരാജ്യങ്ങളില്‍ വ്യാപാരാവശ്യാര്‍ഥം സന്ദര്‍ശനം നടത്തി. മോസ്‌കോ ഒളിമ്പിക്‌സിന് സാക്ഷ്യം വഹിക്കാന്‍ സോവിയറ്റ് യൂണിയനിലേക്കും ഒരുതവണ വിമാനം കയറി. നോവല്‍ ടിമ്പര്‍ ട്രേഡേഴ്‌സ്, ജനറല്‍ എക്‌സ്‌പോര്‍ട്ട് ഹൗസ് എന്നീ സ്ഥാപനങ്ങളും പിന്നീട് തുടങ്ങിയെങ്കിലും കച്ചവടം പിന്നീട് 'ന്യൂ ടിമ്പര്‍ ട്രേഡേഴ്‌സ്' കേന്ദ്രീകരിച്ച് മാത്രമൊതുങ്ങി. 55 വര്‍ഷത്തെ സഹഉടമസ്ഥതയ്ക്ക് വിരാമിട്ട് 2015- ല്‍ കറപ്പന്‍ ആതാടി ദാമോദരന്റെ മകന് മില്ല് കൈമാറി.

കൊതുകുകള്‍ക്കെതിരേ പടപ്പുറപ്പാട്

ലാര്‍വ നശീകരണമാണ് കൊതുകുപ്രജനനം നിയന്ത്രിക്കാനുള്ള പ്രതിവിധിയെന്ന് തിരിച്ചറിഞ്ഞ കറപ്പന്‍ തന്റെ ജൈവ കൊതുകു നിര്‍മാര്‍ജന രീതിയുടെ പ്രചാരണത്തിനായി തൊണ്ണൂറുകളിലാണ് ഇറങ്ങിത്തിരിച്ചത്. കൊതുകുകളെ പാത്രത്തിലേക്ക് ആകര്‍ഷിച്ച് വെള്ളത്തില്‍ കൊതുകിടുന്ന മുട്ടകളെ മണ്ണിലേക്കൊഴിച്ച് നശിപ്പിക്കുന്ന ചില്ലിക്കാശ് ചെലവില്ലാത്ത മാര്‍ഗമായിരുന്നു കറപ്പന്‍ പ്രയോഗിച്ചത്. എന്നാല്‍ ഇതിന്റെ പ്രചാരണത്തിനായി അദ്ദേഹം ചെലവാക്കിയത് ലക്ഷങ്ങളായിരുന്നു.

ആദ്യകാലത്ത് ഒറ്റയ്ക്ക് പ്രചാരണം തുടങ്ങി. പിന്നീട് രണ്ട് സൈക്കിള്‍റിക്ഷകളില്‍ കൂലിയ്ക്ക് ആളെ വെച്ച് കറപ്പന്‍ കൊതുകു നിര്‍മാര്‍ജന രീതി ജനങ്ങളിലേക്കെത്തിച്ചു. വാടകയ്‌ക്കെടുത്ത ഓട്ടോറിക്ഷയിലും, സുഹൃത്ത് സുന്ദര്‍ദാസിന്റെ ജീപ്പിലും, തന്റെ പുതിയ മാരുതിക്കാറിലും വരെ മൈക്ക്‌സെറ്റ് സ്ഥാപിച്ച് കറപ്പന്‍ പ്രചാരണം തുടര്‍ന്നു. ഒരു രൂപപോലും ഇതിനായി മറ്റുള്ളവരില്‍നിന്ന് വാങ്ങിച്ചതുമില്ല.

കൊതുകു നിര്‍മാര്‍ജന സമിതിയുടെ ഉദയം

1998 ഏപ്രില്‍ അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയം സമാനതകളില്ലാത്ത 'കൊതുകുവിരുദ്ധ സമ്മേളന'ത്തിനാണ് സാക്ഷ്യം വഹിച്ചത്. തിക്കോടിയനെയും കുഞ്ഞാണ്ടിയെയും രക്ഷാധികാരികളാക്കി 'കൊതുകു നിര്‍മാര്‍ജന സമിതി' എന്ന പേരില്‍ ഒരു സംഘടനയ്ക്ക് സമ്മേളനം രൂപം നല്‍കി. പ്രസിഡന്റായി ഡോ.എ. അച്യുതനെയും, സെക്രട്ടറിയായി കറപ്പനെയും സമ്മേളനം തിരഞ്ഞെടുത്തു. നഗരത്തിലെ പ്രധാന കൊതുകു ഉത്പാദന കേന്ദ്രമെന്ന് സ്വയം വിശേഷിച്ച കനോലി കനാലിന്റെ നവീകരണത്തിനായും കറപ്പന്‍ ഇറങ്ങിത്തിരിച്ചു.

കറപ്പന്റെ കൊതുകുനിര്‍മാര്‍ജന രീതിക്ക് ആദ്യമൊന്നും വലിയ പ്രോത്സാഹനം നല്‍കാതിരുന്ന നഗരസഭ പിന്നീട് പിന്തുണയുമായി രംഗത്തെത്തുന്നതിനും കാലം സാക്ഷ്യംവഹിച്ചു. വര്‍ഷങ്ങളോളം കറപ്പന്‍ സെക്രട്ടറി സ്ഥാനം അലങ്കരിച്ച ചക്കരോത്തുകുളം ഐക്യകേരള വായനശാലയും കൊതുകു വിരുദ്ധ പ്രചാരണത്തില്‍ പങ്ക് വഹിച്ചു. കറപ്പന്റെ വിയോഗത്തോടെ ഇല്ലാതായത് 'കൊതുകുവിരുദ്ധയുദ്ധ'ത്തിന്റെ അപൂര്‍വ അധ്യായംതന്നെയാണ്. കറപ്പന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു.

Content Highlights: karappan who conducted classes and distributed leaflets for controlling mosquito menace passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented