കാപികോ റിസോർട്ട് | Photo - Mathrubhumi archives
ന്യൂഡല്‍ഹി: കാപികോ റിസോര്‍ട്ട് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി.
കാപികോ റിസോര്‍ട്ടിലുള്ള 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ടിന്റെ ഭാഗമായ പ്രധാന കെട്ടിടം സര്‍ക്കാര്‍ പൊളിക്കുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. പ്രധാന കെട്ടിടവും സര്‍ക്കാര്‍ പൊളിക്കാന്‍ തുടങ്ങിയതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്ന് ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
തുടര്‍ന്നാണ് ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയിലെ നടപടികള്‍ ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ദുലിയ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് അവസാനിപ്പിച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിന് ചീഫ് സെക്രട്ടറിയോട് മാപ്പ് എഴുതി വാങ്ങണമെന്ന് ഹര്‍ജി ഫയല്‍ ചെയ്ത ജനസമ്പര്‍ക്ക സമിതിയെന്ന സംഘടനയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ശാസ്ത്രീയ, പാരിസ്ഥിതിക പഠനം ഇല്ലാതെ റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും മല്‍സ്യ തൊഴിലാളികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശിയ ഹരിത ട്രിബ്യുണലിന്റെ പരിഗണനയില്‍ ഒരു കേസ് ഉണ്ടെന്നും മല്‍സ്യ തൊഴിലാളികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കെ പരമേശ്വറും, എ കാര്‍ത്തിക്കും വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
Content Highlights: Kapico resort contempt of court Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..