സി. മുഹമ്മദ് ഫൈസി | Photo: Screengrab/ Mathrubhumi News
കോഴിക്കോട്: മുസ്‌ലിം ലീഗിന് പരോക്ഷവിമര്‍ശനവുമായി സമസ്ത എ.പി. വിഭാഗം നേതാവും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി. മുഹമ്മദ് ഫൈസി. സുന്നികളുടെ വോട്ട് വാങ്ങി ജയിച്ച സമുദായ സംഘടന മുജാഹിദുകളെയാണ് പരിഗണിച്ചത്. പല പള്ളികളും സുന്നികള്‍ക്ക് നഷ്ടമാവാന്‍ ഇത് കാരണമായി. ഇതിനെ ചോദ്യം ചെയ്താണ് കാന്തപുരം സംഘടനാപ്രവര്‍ത്തനം നടത്തിയതെന്നും മുഹമ്മദ് ഫൈസി പറഞ്ഞു.
ബഹുഭൂരിപക്ഷം സുന്നികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയവര്‍ അവരെ അവഗണിച്ചുവെന്നാണ് സി. മുഹമ്മദ് ഫൈസിയുടെ വിമര്‍ശനം. സമുദായത്തിന്റെ പേരിലുള്ള പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം സുന്നികളുടെ പലസ്ഥാപനങ്ങളും പള്ളികളും മുജാഹിദുകള്‍ കീഴടക്കി. ഇതിനെ നേരിടാന്‍ കാന്തപുരം തീരുമാനിച്ചു. മര്‍കസ് സ്ഥാപിച്ചതും പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതും ഈ ലക്ഷ്യത്തോടെയാണ്. മര്‍കസ് 45-ാം വാര്‍ഷിക സമാപനസമ്മേളനത്തിലായിരുന്നു ഫൈസിയുടെ വിമര്‍ശനം. സമ്മേളനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
'ഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തെ വേണ്ടത്ര ഗൗനിക്കാന്‍ ഇവിടെ പലയാളുകളും ശ്രമിച്ചില്ല. മുസ്ലിംകളുടെ പേരിലുള്ള പ്രമുഖ മുസ്ലിം സംഘടനപോലും സുന്നികള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതെ പോയപ്പോള്‍ ആ വേദന കനത്തതായിരുന്നു. ബഹുഭൂരിഭാഗം വരുന്ന സുന്നികളുടെ വോട്ട് വാങ്ങി അധികാരത്തില്‍ വരികയും സുന്നികളുടെ സ്ഥാപനങ്ങള്‍ സലഫികള്‍ക്ക് ലഭിക്കാവുന്ന രൂപത്തില്‍ മാര്‍ഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു', ഫൈസി പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പീസ് കോണ്‍ഫറന്‍സ് തമിഴ്‌നാട് ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രി ഗിംഗി കെ.എസ്. മസ്താന്‍ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു.
Content Highlights: kanthapuram samastha ap leader C Muhammed Faizi against muslim league sunni salafi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..