കോഴിക്കോട്: ഇസ്‌ലാമിക നിയമമായ ശരിഅത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കാന്തപുരം. നിത്യജീവിതത്തില്‍ ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കേ അതിനെക്കുറിച്ച് തീര്‍പ്പുപറയാന്‍ അവകാശമുള്ളൂ. ഇസ്ലാം വിലക്കിയ പലിശവാങ്ങുന്നവര്‍ക്ക്  ഇസ്ലാമിന്റെ സ്ത്രീനിലപാടുകളെക്കുറിച്ച് പറയാന്‍ ധാര്‍മികമായി അവകാശമില്ല. സ്ത്രീ സമത്വത്തെപ്പറ്റിയുള്ള കാന്തപുരത്തിന്റെ മുന്‍ വിവാദ പരാമര്‍ശങ്ങള്‍ക്കുള്ള വിശദീകരണമെന്നോണം അദ്ദേഹം പറഞ്ഞു. 

തന്റെ കോലം കത്തിച്ചത് ഖുറാന്‍ കത്തിക്കാനുള്ള ആത്മ വിശ്വാസമില്ലാത്തതുകൊണ്ടന്നും മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരിലാണ് അവര്‍ അങ്ങനെ ചെയ്തതെന്നും കാന്തിപുരം കൂട്ടിച്ചേര്‍ത്തു.  

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടനപത്രികപോലെയല്ല മുസ്ലിങ്ങള്‍ ഖുര്‍ആനെയും പ്രവാചകചര്യകളെയും മനസ്സിലാക്കുന്നത്. 
ശരീഅത്തിനെതിരായ കൈയേറ്റങ്ങള്‍ പണ്ഡിതരുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം ചെറുത്തുതോല്‍പ്പിക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ആഹ്വാനം ചെയ്തു.

കോഴിക്കോട് കടപ്പുറത്ത് നടന്ന അന്താരാഷ്ട്ര മിലാദ് സമ്മേളനത്തില്‍ പ്രവാചകസ്‌നേഹ പ്രഭാഷണം നടത്തുകയായിരുന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായ കാന്തപുരം.

ടുണീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ. മുഹമ്മദ് ഇഷ്തവി മുഖ്യാതിഥിയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ല്യാര്‍ അധ്യക്ഷനായിരുന്നു.
    
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തി. മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. ചിത്താരി കെ.പി. ഹംസ മുസ്ല്യാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍.വി. അബ്ദുറസാഖ് സഖാഫി, അപ്പോളോ മൂസഹാജി, ഔന്‍ മുഈല്‍ അല്‍ ഖദൂമി, അഹ്മദ് സഅ്ദ് അല്‍ അസ്ഹരി, റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പണ്ഡിതസമ്മേളനവും നടത്തി.