കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പ്രതികരിച്ചു. 

ആദ്യം സിലബസില്‍ ഉണ്ടായിരുന്നത് കണ്ടെംപററി പൊളിറ്റിക്കല്‍ തിയറി ആയിരുന്നു. ഇതില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ പഠിപ്പിക്കും. ഈ സെമസ്റ്ററില്‍ പഠിപ്പിക്കില്ലെന്നും വി.സി വ്യക്തമാക്കി. സിലബസില്‍ പോരായ്മ ഉണ്ടെന്നാണ് സമിതി കണ്ടെത്തിയത്. സിലബസില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്നത് 29ന് ചേരുന്ന അക്കാദമിക് സമിതി വിലയിരുത്തും. 

കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എ. ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലെ ഉള്ളടക്കമാണ് വിവാദമായത്. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചുള്ള ഭാഗത്ത് വി.ഡി.സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മഥോക്ക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉള്‍പ്പെടുത്തിയതിനാലാണ് ആക്ഷേപമുയര്‍ന്നത്. സര്‍വകലാശാല കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നായിരുന്നു പ്രധാന ആക്ഷേപം. 

അതേസമയം കാവിവത്കരണം എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്നാണ് വിദഗ്ധ സമിതി നിരീക്ഷിച്ചത്. സവര്‍ക്കറുടെയും മറ്റും തത്ത്വങ്ങള്‍ കേരളത്തിലെ മറ്റു സര്‍വകലാശാലകളില്‍ ദീര്‍ഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. 

ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്‌സ് ഏര്‍പ്പെടുത്തിയപ്പോള്‍ പാഠ്യപദ്ധതിയില്‍ ഗവേണന്‍സ് വിഭാഗത്തിനു പ്രാധാന്യം നല്‍കിയില്ലെന്ന് വിദഗ്ധസമിതി അഭിപ്രായപ്പെട്ടു. ഇതുകാരണം പാഠ്യപദ്ധതി അപക്വമായി. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്സ് വിഭാഗത്തില്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം മറ്റ് ആശയങ്ങള്‍ക്കും പ്രാമുഖ്യം ലഭിച്ചില്ലെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും സമിതി വിലയിരുത്തി. പുതുതലമുറ കോഴ്‌സ് തുടങ്ങുമ്പോള്‍ ചര്‍ച്ചയിലൂടെ പാഠ്യപദ്ധതി രൂപപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യേണ്ടതായിരുന്നു. സിലബസ് പുതുക്കുമ്പോള്‍ ഇതില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ.

കേരള സര്‍വകലാശാല മുന്‍ പ്രൊ വൈസ്ചാന്‍സലറും പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ.പ്രഭാഷ്, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കെ.എസ്.പവിത്രന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളും കണ്ണൂര്‍ സര്‍വകലാശാല പി.വി.സി. ഡോ. എ.സാബു കണ്‍വീനറുമായ സമിതിയാണ് പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Content Highlights: Kannur University; Controversial part of syllabus will be removed, says Vice Chancellor