തീപ്പിടിത്തത്തിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യം | screengrab
കണ്ണൂര്‍: റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ - ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഒരു കോച്ച് കത്തിനശിച്ച സംഭവത്തിന് തൊട്ടുമുമ്പുള്ളതെന്ന് കരുതുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഒരാള്‍ തീവണ്ടിക്ക് സമീപത്തുകൂടി നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വ്യക്തതയുള്ള ദൃശ്യങ്ങളല്ല പുറത്തുവന്നിട്ടുള്ളത്.
സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെങ്കില്‍ ഈ ദൃശ്യം അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ കരുതുന്നത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ച് തീവെപ്പുണ്ടായ അതേ തീവണ്ടിയാണ് കത്തിനശിച്ചത് എന്നത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 1.20-ഓടെയാണ് തീപ്പിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരു കോച്ചിന് തീപ്പിടിച്ച വിവരം റെയില്‍വേ ജീവനക്കാരനാണ് അറിയിച്ചതെന്ന് സ്റ്റേഷന്‍ സൂപ്രണ്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഉടന്‍തന്നെ അഗ്നിരക്ഷാ സേനയേയും പോലീസിനെയും വിവരം അറിയിക്കുകയും അപകട മുന്നറിയിപ്പ് നല്‍കുന്ന അലാറം മുഴക്കുകയും ചെയ്തു. അഞ്ച് മിനിട്ടുകൊണ്ട് അഗ്നിരക്ഷാ സേനയെത്തി. കോച്ചിന്റെ ഒരുഭാഗം കത്തിനശിക്കുകയല്ല മൊത്തത്തില്‍ തീപ്പിടിക്കുകയാണ് ചെയ്തതെന്ന് സൂപ്രണ്ട് പറഞ്ഞു.
'ഒരു ഭാഗത്തുനിന്ന് തീ പടരുകയല്ല ഉണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവി ക്യാമറകള്‍ സമീപത്തുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംഭവത്തെപ്പറ്റി വ്യക്തമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോച്ചിന് പുറത്തുനിന്നല്ല തീ കത്തിയിട്ടുള്ളത്. റെയില്‍വെയുടെ ഭാഗത്തുനിന്നുള്ള അനാസ്ഥമൂലം തീപിടിത്തമുണ്ടാകാന്‍ യാതൊരു സാധ്യതയുമില്ല. മാലിന്യം കത്തിക്കലോ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടോമൂലം ഉണ്ടായ അപകടമാകാനും സാധ്യതയില്ല' -സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. അതിനിടെ, സംഭവത്തിന് പിന്നാലെ ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.
Content Highlights: Kannur Train Fire Kannur - Alappuzha executive express CCTV visuals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..