പൊട്ടിത്തെറിച്ച് ഇന്ധനടാങ്കുകള്‍, കത്തിയമര്‍ന്നത് 300-ലധികം വാഹനങ്ങള്‍; യുദ്ധഭൂമിപോലെ വെള്ളാരംപാറ


5 min read
Read later
Print
Share

വെള്ളാരംപാറയില്‍ പോലീസ് വാഹനയാര്‍ഡും പരിസരവും യുദ്ധക്കളത്തിന്റെ പ്രതീതിയില്‍. വാഹനങ്ങള്‍ നിര്‍ത്തിയിട്ട രണ്ടേക്കറിലേറെ സ്ഥലത്തും സമീപത്തെ പറമ്പിലും തീയും പുകയും മാത്രം. കത്തിയമര്‍ന്ന വാഹനങ്ങള്‍ അസ്ഥികൂടം കണക്കെ കിടക്കുന്നു.

തീപ്പിടിത്തമുണ്ടായ വെള്ളാരംപാറയിലെ പോലീസ് യാർഡിൽ അഗ്നിരക്ഷാസേന തീയണക്കുന്നു

തളിപ്പറമ്പ്: സംസ്ഥാനപാതയോരത്ത് കുറുമാത്തൂര്‍ വെള്ളാരംപാറയിലെ പോലീസ് യാര്‍ഡില്‍ സൂക്ഷിച്ച മുന്നൂറില്‍പ്പരം വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപടര്‍ന്നത്. ലോറി, ജെ.സി.ബി, കാര്‍, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

കോടികളുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പ്, മയ്യില്‍, ശ്രീകണ്ഠപുരം, പയ്യന്നൂര്‍, വളപട്ടണം, പഴയങ്ങാടി, പരിയാരം പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങളാണ് യാര്‍ഡില്‍ സൂക്ഷിച്ചത്. തൊണ്ടിമുതലായ വാഹനങ്ങളും ഇതിലുണ്ട്.

സമീപത്തെ പറമ്പില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. സ്ഥലത്തുണ്ടായിരുന്ന ഹോംഗാര്‍ഡ് ഉടന്‍ പോലീസ് സ്റ്റേഷനിലും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. ഉച്ചവെയിലും കാറ്റും തീ ആളിപ്പടരാന്‍ കാരണമായി. യാര്‍ഡിന് സമീപത്തെ സ്വകാര്യവ്യക്തികളുടെ പറമ്പിലും തീ പടര്‍ന്നു.

ഏറെനേരം വെള്ളാരംപാറ പ്രദേശം കറുത്ത പുകകൊണ്ട് നിറഞ്ഞു. സംസ്ഥാനപാതയിലെ വാഹനഗതാഗതവും നിലച്ചു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഉഗ്രശബ്ദവും ഇടയ്ക്കിടെ വാഹനങ്ങളുടെ ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിച്ചതും കാരണം രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല.

അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണക്കാനുള്ള ശ്രമമാരംഭിച്ചത്. തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍, മട്ടന്നൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനാ സംഘം മൂന്നുമണിക്കൂറോളം പ്രയത്‌നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സ്ഥലപരിമിതി കാരണം വാഹനങ്ങള്‍ യാര്‍ഡില്‍ അട്ടിയിട്ട് സൂക്ഷിച്ചതും നാശത്തിന്റെ വ്യാപ്തി കൂട്ടി. വാഹനങ്ങള്‍ നിര്‍ത്തിയിട്ട സ്ഥലത്തും സമീപത്തും വള്ളിപ്പടര്‍പ്പും ഉണക്കപ്പുല്ലുമുള്ളതിനാല്‍ എളുപ്പം തീപടര്‍ന്നു. റവന്യൂവകുപ്പില്‍നിന്ന് വിട്ടുകിട്ടിയ രണ്ടേക്കറോളം സ്ഥലത്താണ് യാര്‍ഡുള്ളത്.

രാപകല്‍ ഹോംഗാര്‍ഡിന്റെ കാവലുമുണ്ട്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത, ആര്‍.ഡി.ഒ. ഇ.പി.മേഴ്സി, അഗ്‌നിരക്ഷാസേന റീജണല്‍ ഓഫീസര്‍ പി.രഞ്ജിത്ത് തുടങ്ങിയവരും സ്ഥലത്തെത്തി.

യുദ്ധഭൂമിപോലെ വെള്ളാരംപാറ....

തളിപ്പറമ്പ്: കുറുമാത്തൂര്‍ വെള്ളാരംപാറയില്‍ പോലീസ് വാഹനയാര്‍ഡും പരിസരവും യുദ്ധക്കളത്തിന്റെ പ്രതീതിയില്‍. വാഹനങ്ങള്‍ നിര്‍ത്തിയിട്ട രണ്ടേക്കറിലേറെ സ്ഥലത്തും സമീപത്തെ പറമ്പിലും തീയും പുകയും മാത്രം. കത്തിയമര്‍ന്ന വാഹനങ്ങള്‍ അസ്ഥികൂടം കണക്കെ കിടക്കുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് യാര്‍ഡിന് പുറത്ത് പുറമ്പോക്ക് ഭൂമിയില്‍നിന്ന് തീപടര്‍ന്നത്. ഈ സമയം സ്ഥലത്തുണ്ടായിരുന്നത് ഹോംഗാര്‍ഡ് മോഹനന്‍ മാത്രം. സംസ്ഥാനപാതയിലെ ചില യാത്രക്കാരും സംഭവം കണ്ട് തടിച്ചുകൂടി. ഇതിനിടെ പോലീസ് സ്റ്റേഷനിലും അഗ്‌നിരക്ഷാസേനയ്ക്കും വിവരം നല്‍കി. യാര്‍ഡിന് സമീപം നാട്ടുകാര്‍ക്ക് അടുക്കാനാകാത്ത സ്ഥിതി.

നിര്‍ത്തിയിട്ട വാഹനങ്ങളില്‍ തീ പടര്‍ന്നതോടെ പെട്രോള്‍ടാങ്കും മറ്റും ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. തീകെടുത്താന്‍ ആദ്യമെത്തിയത് തളിപ്പറമ്പില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് വാഹനം. തീയണയ്ക്കാന്‍തുടങ്ങിയതോടെ രണ്ടുവാഹനത്തിലെയും വെള്ളം തീര്‍ന്നു. സമീപ പ്രദേശങ്ങളിലെ വാഹനങ്ങള്‍കൂടി സ്ഥലത്തെത്തിയതോടെയാണ് തീയണക്കാന്‍ സജീവമായത്. അപ്പോഴേക്കും യാര്‍ഡിലെ പകുതിയിലേറെയും വാഹനങ്ങള്‍ തീയില്‍പ്പെട്ടിരുന്നു. ചുറ്റുമുള്ള പറമ്പിലേക്കും തീപടര്‍ന്നു. കറുത്ത പുക പരിസരമാകെ വ്യാപിച്ചതോടെ സംസ്ഥാനപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞു. വൈകീട്ട് മൂന്നോടെയാണ് തീയണച്ചത്. ഡിവൈ.എസ്.പി. എം.പി. വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തഹസില്‍ദാര്‍ പി.സജീവനും സ്ഥലത്തുണ്ടായിരുന്നു.

ഏഴ് അഗ്‌നിരക്ഷാ വാഹനങ്ങള്‍, ഉപയോഗിച്ചത് ഒന്നരലക്ഷം ലിറ്റര്‍ വെള്ളം 400 ലിറ്റര്‍ ഫോം

കണ്ണൂര്‍: അഗ്‌നിവിഴുങ്ങിയ തളിപ്പറമ്പ് പോലീസ് ഡമ്പിങ് യാര്‍ഡില്‍ ഓടിയെത്തിയത് ജില്ലയിലെ ഏഴ് അഗ്‌നിരക്ഷാ വാഹനങ്ങള്‍. തീയണക്കാന്‍ ഒന്നരലക്ഷം ലിറ്ററിലധികം വെള്ളവും യാര്‍ഡിലെ വാഹനങ്ങളില്‍ ഇന്ധനമുള്ളതിനാല്‍ 400 ലിറ്ററോളം വാതകവും (ഫോം) ഉപയോഗിച്ചു. ഇതിന് പിന്നില്‍ അധ്വാനിച്ചത് നാല്‍പ്പതോളം ജീവനക്കാരും.

വ്യാഴാഴ്ച തീയ്ക്കു നടുവില്‍ അഗ്‌നിരക്ഷാസേന കൈയും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍ അഗ്‌നിരക്ഷാനിലയങ്ങളില്‍ നിന്നാണ് വണ്ടിയെത്തിയത്. കണ്ണൂരില്‍നിന്ന് 11,000 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും സംഭരിച്ചുള്ള 'വാട്ടര്‍ ബ്രൗസര്‍' എത്തി. 500 ലിറ്റര്‍ ജലവും ഫോമും ഉള്‍ക്കൊള്ളുന്ന ഫോം ടെന്‍ഡറും കുതിച്ചെത്തി. സംഭവസ്ഥലത്തിനരികെയുള്ള തളിപ്പറമ്പ് നിലയത്തില്‍നിന്ന് രണ്ട് വാട്ടര്‍ ടെന്‍ഡറെത്തി. 5000 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്നതാണിത്. പയ്യന്നൂരില്‍നിന്ന് രണ്ടും മട്ടന്നൂരില്‍നിന്ന് ഒരു വാട്ടര്‍ടെന്‍ഡറും തീ കെടുത്താനെത്തി. വണ്ടിയില്‍ വെള്ളം നിറയ്ക്കാന്‍ കരിമ്പം പൂമംഗലം പുഴ സഹായകമായി. 30 തവണയാണ് പുഴയില്‍നിന്ന് വെള്ളം നിറച്ചത്. വണ്ടികളില്‍ പുറപ്പെടുമ്പോള്‍ സംഭരിച്ച വെള്ളം അടക്കം ഒന്നരലക്ഷം ലിറ്ററിലധികം വെള്ളം തീ കെടുത്താന്‍ ഉപയോഗിച്ചു. ഇന്ധന തീപ്പിടത്തമുണ്ടായാല്‍ കെടുത്തുന്ന 400 ലിറ്ററോളം ഫോം (അക്വാ ഫളിക്‌സ് ഫോമിങ് ഫോം) ആണ് പ്രയോഗിച്ചത്.

'വാട്ടര്‍ ബ്രൗസര്‍' വേണം

വെള്ളവും വാതകവും ഒരുപോലെ വലിയ തോതില്‍ സംഭരിച്ച് ഓടുന്ന 'വാട്ടര്‍ ബ്രൗസര്‍' ജില്ലയില്‍ ഒന്ന് മാത്രമാണുള്ളത്. കണ്ണൂര്‍ സ്റ്റേഷനിലാണ് ഇത് ഉപയോഗിക്കുന്നത്.

11,500 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും ഇതില്‍ സംഭരിക്കാം. ഇന്ധനചോര്‍ച്ച അടക്കമുള്ളവയില്‍ നിന്നുണ്ടാകുന്ന തീ കെടുത്താം. പയ്യന്നൂരില്‍ ഒരു 'വാട്ടര്‍ ലോറി'യുണ്ട്. ഇതില്‍ 9000 ലിറ്റര്‍ വെള്ളം ശേഖരിച്ച് ഉപയോഗിക്കാം. ആംബുലന്‍സ് മുതല്‍ 'വാട്ടര്‍ ബ്രൗസര്‍' വരെ ജില്ലയിലുണ്ട്. വിളി വന്നാല്‍ ഉടന്‍ അഗ്‌നിരക്ഷാസേന ഇറങ്ങണം. പക്ഷേ, ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് പലനിലയങ്ങളിലേയും പ്രതിസന്ധി.

യാര്‍ഡില്‍ വാഹനങ്ങള്‍ കത്തുമ്പോള്‍...

കണ്ണൂര്‍:തളിപ്പറമ്പില്‍ പോലീസ് വാഹനയാര്‍ഡില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഒന്നിച്ച് കത്തിയത്. ഇതില്‍ ചില െതാണ്ടി വാഹനങ്ങള്‍ കേസ് കഴിഞ്ഞ് ഉടന്‍ വിട്ടുകൊടുക്കേണ്ടതായിരുന്നു. നിയമപരമായി തിരിച്ചുകൊടുക്കേണ്ട വാഹനങ്ങള്‍ കത്തിപ്പോയാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് പോലീസിന് നിശ്ചയമില്ല. ഉടമകള്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ പറ്റും.

അതേസമയം, കഞ്ചാവുകടത്ത്, പൂഴികടത്ത് എന്നിവയുടെ പേരില്‍ പിടിച്ച വാഹനങ്ങള്‍ കേസ് കഴിയുമ്പോഴേക്കും മുഴുവനും തുരുമ്പിച്ച് നശിക്കും. സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. കേരളത്തിലാകെ പതിനായിരക്കണക്കിന് വാഹനങ്ങള്‍ ഇങ്ങനെ തുരുമ്പിച്ച് പൊടിയുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ ലേലംചെയ്ത് തൂക്കിവില്‍ക്കണമെന്ന് നേരത്തേ ഒരു നിര്‍ദേശമുണ്ടായിരുന്നു.

ചെറുതും വലുതുമായുള്ള അപകടങ്ങളില്‍പ്പെട്ട വാഹനങ്ങള്‍ കേസ് കഴിഞ്ഞ് തിരിച്ചുകിട്ടാനുള്ള സാധ്യത ഏറെയാണ്. മതിയായ ഒരു സുരക്ഷയുമില്ലാതെ സൂക്ഷിക്കുന്ന വാഹനങ്ങളും അതിലെ സാധനങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോകുന്നതും സാധാരണമാണ്.

ബന്ധപ്പെട്ടവരുടെ അറിവോടെ വാഹനത്തിലെ നല്ല വിലകൂടിയ സാധനങ്ങള്‍ അഴിച്ചുകൊണ്ടുപോവുകയോ മാറ്റിയിടുകയോ ചെയ്തതായും പരാതി ഉണ്ടായിരുന്നു.

പൂഴി കടത്തിലും മറ്റും കോടതി വിധിക്കുന്ന പിഴയടച്ച് വാഹനം എടുക്കാന്‍ പലപ്പോഴും ഉടമകള്‍ക്ക് കഴിയാറില്ല. ഉടമ അറിയാതെ കഞ്ചാവ് കടത്തിനും മറ്റും വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഫലത്തില്‍ കുറ്റക്കാരാകുന്നത് ഉടമസ്ഥരാണ്. വളപട്ടണം പുഴയില്‍ നിന്ന് മണല്‍കടത്തുമ്പോള്‍ പിടിച്ച വാഹനങ്ങള്‍ നിരവധിയാണ്. വണ്ടി വിറ്റാല്‍കിട്ടുന്നതിലധികം രൂപ പിഴയാകും. അപകടവാഹനങ്ങളും കുന്നുകൂടിയപ്പോള്‍ തഹസില്‍ദാറും കളക്ടറും ഇടപെട്ട് ലേലത്തിന് അനുമതി നല്‍കി. ഏതാനും വാഹനങ്ങള്‍ ആക്രിക്കാര്‍ എടുത്തു. ബാക്കി തുരുമ്പെടുക്കുകയാണ്.

തീപ്പേടിയിൽ കണ്ണൂർ...

കണ്ണൂര്‍: തളിപ്പറമ്പില്‍ പോലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച അനേകം വാഹനങ്ങള്‍ കത്തിയമര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപകടഭീതിയുടെ നിഴലില്‍ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളും. വിവിധ സ്റ്റേഷന്‍ വളപ്പുകളിലും സ്റ്റേഷന്‍ അധീനതയിലുള്ള സ്ഥലങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് സുരക്ഷേയതുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നത്. എല്ലാം വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവ. വേനലിന് കാഠിന്യമേറിയതോടെ എല്ലായിടത്തുമുണ്ട് തീപ്പിടിത്തഭീതി.

ഒരു മാസത്തിനിടെ 217 തീപ്പിടിത്തം കണ്ണൂരിലുണ്ടായി എന്ന അഗ്‌നിരക്ഷാസേനയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇതില്‍ 65 എണ്ണവും വ്യാഴാഴ്ച വന്‍ അഗ്‌നിബാധയുണ്ടായ തളിപ്പറമ്പ് മേഖലയിലാണെന്നതും ശ്രദ്ധേയമാണ്.

അപകടം, ലഹരി-പൂഴിക്കടത്ത്, മോഷണം, ട്രാഫിക് നിയമലംഘനം തുടങ്ങി വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് പോലീസ് ഇത്തരത്തില്‍ തള്ളുന്നത്. കേസ് തീരുമ്പോേഴക്കും വാഹനങ്ങള്‍ പൂര്‍ണമായും തുരുമ്പെടുത്ത് നശിച്ചിരിക്കും. കോടിക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് ഇത്തരത്തില്‍ നശിക്കുന്നത്.

കണ്ണൂര്‍ എ.ആര്‍. ക്യാമ്പ്

കണ്ണൂര്‍ എ.ആര്‍. ക്യാമ്പിന് പിറകിലെ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് അന്‍പതോളം പഴയ പോലീസ് വാഹനങ്ങള്‍. വാഹനങ്ങള്‍ മാറ്റാന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ ലഭിച്ചില്ല.എ.ആര്‍. ക്യാമ്പിന് തൊട്ടടുത്ത കെട്ടിടത്തിലാണ് പോലീസിന്റെ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇത് അപകടഭീഷണി ഉയര്‍ത്തുന്നു.

കണ്ണൂര്‍ ട്രാഫിക് സ്റ്റേഷന്‍

തൊണ്ടി വാഹനങ്ങളുടെ വീര്‍പ്പുമുട്ടലാണിവിടെ. നഗരമധ്യത്തിലെ ട്രാഫിക് സ്റ്റേഷന്റെ പിറകില്‍ ഒഴിഞ്ഞ സ്ഥലത്ത് കുന്നുകൂടിക്കിടക്കുന്നത് നൂറോളം വാഹനങ്ങള്‍.മോട്ടോര്‍വാഹന-എക്‌സൈസ് വകുപ്പുകള്‍ പിടിച്ചെടുത്തവയും കണ്ണൂര്‍ ട്രാഫിക് സ്റ്റേഷന്‍, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധികളില്‍നിന്ന് പിടിച്ചെടുത്തവയുമാണ് ഇവ.10 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ കൂട്ടത്തിലുണ്ട്.കഴിഞ്ഞ വര്‍ഷം നൂറോളം ബൈക്കുകള്‍ പോലീസ് ലേലം ചെയ്തിരുന്നു.

വളപട്ടണം പോലീസ് സ്റ്റേഷന്‍

അനധികൃത മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ വാഹനങ്ങളാണ് ഏറെയും. പോലീസ് സ്റ്റേഷന് പിറകുവശത്തും മുന്നിലെ റോഡരികിലുമായാണ് വാഹനങ്ങള്‍. കേസുകളില്‍പ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ മുന്നുവര്‍ഷം മുന്‍പ് വളപട്ടണം പോലീസ് ലേലം ചെയ്ത് മികച്ച വരുമാനം നേടിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിയുമ്പോഴേക്കും വീണ്ടും വാഹനങ്ങള്‍ നിറഞ്ഞു. പഴയ വാഹനങ്ങള്‍ ലേലം ചെയ്യാ ന്‍ നടപടി സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

പയ്യന്നൂര്‍ പോലീസ് സ്റ്റേഷന്‍ മൈതാനം

കേസില്‍പ്പെട്ടതും ഉപേക്ഷിപ്പെട്ടതുമായ 150-ലേറെ വാഹനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 67 വാഹനങ്ങള്‍ ലേലത്തില്‍ നീക്കംചെയ്തു. പയ്യന്നൂര്‍ കോറോത്ത് റവന്യൂ വകുപ്പിന് കീഴിലുള്ള സ്ഥലം പോലീസ് ഡമ്പിങ് യാര്‍ഡിനായി കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 1928-ല്‍ സ്വാതന്ത്ര്യസമരകാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ജവാഹര്‍ലാല്‍ നെഹ്രു പയ്യന്നൂരിലെ ജനങ്ങളെ അഭിസംബോധന ചെയ്ത സ്ഥലമാണ് പോലീസ് മൈതാനം. ഇവിടം നവീകരിച്ച് ചരിത്രകേന്ദ്രമാക്കുന്നതിന് ഒരു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

മുഴപ്പാല ബംഗ്ലാവ് മെട്ടക്കടുത്തപറമ്പ്

ചക്കരക്കല്ല് സ്റ്റേഷനിലെയും സമീപത്തെ മറ്റു സ്റ്റേഷനുകളിലെയും തൊണ്ടി വാഹനങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് ഇവിടെ. കണ്ണൂര്‍, തലശ്ശേരി, മയ്യില്‍, വളപട്ടണം സ്റ്റേഷന്‍ പരിധികളില്‍നിന്നുള്ളവയടക്കം നൂറുകണക്കിന് വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചക്കരക്കല്ല് പോലീസ് സ്റ്റേഷന് വേണ്ടി ചക്കരക്കല്ല് -മുഴപ്പാല-പനയത്താംപറമ്പ് റോഡരികില്‍ പണിത കെട്ടിടവും സ്ഥലവുമാണിത്. 2020 ഫെബ്രുവരിയില്‍ ഇവിടെ വന്‍തോതില്‍ തീപ്പിടിത്തുമുണ്ടായിരുന്നു. പിന്നീട് ചില വാഹനങ്ങള്‍ കോടതിനിര്‍ദേശ പ്രകാരം വിട്ടുകൊടുത്തു.

Content Highlights: kannur thaliparamba police yard fire

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

ആൻമരിയ സി.സി.യു.വിൽ; നില ഗുരുതരമായി തുടരുന്നു, 72 മണിക്കൂർ നിരീക്ഷണം

Jun 2, 2023


Earthquake

1 min

കോട്ടയം ചേനപ്പാടിയില്‍ വീണ്ടും ഭൂമിക്കടിയില്‍നിന്ന് മുഴക്കം

Jun 2, 2023


sanjay

1 min

ചേട്ടന്റെ കൈപിടിച്ച് പോകണമെന്ന വാശിയിൽ സ്കൂൾ മാറി; പക്ഷെ, പ്രവേശനോത്സവത്തിനുമുമ്പേ സഞ്ജയ് യാത്രയായി

Jun 2, 2023

Most Commented