കണ്ണൂര്‍: ജില്ലയിലെ മുസ്ലിം ലീഗില്‍ രൂക്ഷമായ തര്‍ക്കം. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തര്‍ക്കമാണ് കാരണം. 

ഇന്നലെ രാത്രി വരെ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്. 

ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുള്‍ ഖാദര്‍ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു. 15 മിനുട്ടോളം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. "ജനാധിപത്യം പാലിച്ചില്ല. കോണ്‍ഗ്രസില്‍ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല" എന്നും അവർ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുള്‍ ഖാദര്‍ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രവര്‍ത്തകരെ പിന്നീട് അനുനയിപ്പിച്ചെങ്കിലും ചര്‍ച്ചകള്‍ നടക്കാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് പാര്‍ട്ടിക്കുളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

 

Content Highlights: kannur muslim league conflict