ഇരിട്ടി (കണ്ണൂര്‍): ശബരിമലവിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമസംഭവങ്ങളെത്തുടര്‍ന്ന് ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി ഇരിട്ടി പോലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. മലയോരത്തും സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ഇരിട്ടി സി.ഐ. രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പെരുവംപറമ്പ്, അളപ്ര, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ബോംബുകളും ആയുധങ്ങളും സൂക്ഷിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വരുംദിവസങ്ങളിലും പരിശോധന നടത്തും. കഴിഞ്ഞദിവസം പെരുവംപറമ്പ് അളപ്രയില്‍ സംഘര്‍ഷത്തില്‍ മൂന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും മൂന്ന് സി.പി.എം. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സ്ഥിരമായി ആയുധങ്ങളും ബോംബും കണ്ടെത്തുന്ന തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും പരിശോധന നടത്തും.
content highlights: kannur iritty, hartal, bjp,cpm clas, police raid