കത്തിയ കാറിൽനിന്ന് കിട്ടിയതായി പറയുന്ന പ്ലാസ്റ്റിക് കുപ്പി ഫൊറൻസിക് വിഭാഗം ജാറിൽ സീൽചെയ്ത് വെച്ചനിലയിൽ, മരിച്ച ദമ്പതിമാർ
കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവദമ്പതിമാര്‍ മരിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയില്‍ കുടുംബം. പൂര്‍ണമായും കത്തിയ കാറില്‍ പൂര്‍ണമായി കത്താത്ത പ്ലാസ്റ്റിക് കുപ്പിയും അതില്‍ ഏതോ ഇന്ധനത്തിന്റെ സാന്നിധ്യവും കണ്ടെത്തിയെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണ് ആശങ്കയുടെ അടിസ്ഥാനം. മരിച്ച റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍ ഇക്കാര്യം വീട്ടില്‍ വന്ന പാര്‍ട്ടി നേതാക്കളോടും മാധ്യമപ്രവര്‍ത്തകരോടും പങ്കുവെച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായ ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്.
ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നഷ്ടപരിഹാര കേസിന് പുറമെ, കാര്‍ കമ്പനിക്കെതിരെയും നഷ്ടപരിഹാര കേസ് വരും. കാര്‍ ഉടമയ്ക്ക് ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ചെയ്യാം. സാങ്കേതികത്തകരാര്‍ മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് സ്ഥാപിക്കുന്നതിന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കുടുംബം.
കണ്ണൂര്‍ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ് കാര്‍. അത് റോഡരികില്‍ ഒരുഷീറ്റ് കൊണ്ട് മൂടിക്കിടക്കുകയാണ്. സംഭവം നടന്നതിന്റെ പിറ്റേദിവസം നടത്തിയ പരിശോധനയിലാണ് കാറിലെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ പൂര്‍ണമായും കത്താത്ത പ്ലാസ്റ്റിക് കുപ്പി ലഭിച്ചതായി പറയുന്നത്.
അതില്‍ ഇന്ധനത്തിന്റെ മണമുള്ള എന്തോ രാസവസ്തുവിന്റെ അവശിഷ്ടം ലഭിച്ചതായും അധികൃതര്‍ പറയുന്നു. അപകടം നടന്ന ഉടനെ, സംഭവസ്ഥലത്തുവെച്ച് നടത്തിയ പരിശോധനയില്‍ ഇങ്ങനെയൊരു കുപ്പി കണ്ടെത്തിയതായി ആരും പറഞ്ഞിട്ടില്ല. രണ്ടാംദിവസം കാര്‍ പരിശോധിക്കുന്നത് ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചതുമില്ല. കാറിന്റെ മുന്‍ഭാഗത്തെ റബ്ബര്‍മാറ്റടക്കം കത്തിച്ചാമ്പലായിട്ടും ഇന്ധനമുള്ളതായി പറയപ്പെടുന്ന കുപ്പി എങ്ങനെ കത്താതെ ബാക്കിയായി എന്നത് സംശയം ജനിപ്പിക്കുന്നതായും അവര്‍ പറയുന്നു. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍നിന്നാണ് കുപ്പി കിട്ടിയതത്രേ.
അതേസമയം, കുപ്പിയില്‍ അവശേഷിച്ചത് എന്താണെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂയെന്ന് ഫൊറന്‍സിക് വിഭാഗം വ്യക്തമാക്കി. ഇക്കാര്യം ഞായറാഴ്ച പത്രസമ്മേളനത്തില്‍ പോലീസ് കമ്മിഷണര്‍ അജിത്കുമാറും പറഞ്ഞു. കാറില്‍നിന്ന് ശേഖരിച്ച അവശിഷ്ടങ്ങള്‍ കോടതി മുഖേനയാണ് കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് ലാബിലെത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ.
കുടിവെള്ളക്കുപ്പിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലെന്ന് വിശ്വനാഥന്‍ പറയുന്നു. രണ്ട് കുപ്പിയിലെ കുടിവെള്ളം കാറിന്റെ പിന്‍ ഭാഗത്തായിരുന്നു. അത് സിറ്റി സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡിക്കിയില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ അടങ്ങിയ ബാഗുകളും കത്തിയില്ല. ജനുവരി 31-ന് മാഹിയില്‍നിന്ന് 2,149 രൂപയ്ക്ക് പെട്രോള്‍ അടിച്ചതിന്റെ ബില്ലും വിശ്വനാഥന്റെ കൈയിലുണ്ട്.
Content Highlights: kannur car fire case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..