പാലത്തുംകടവിൽ ബാരാപോൾ പാലത്തിന് സമീപം റോഡിലെ അടയാളപ്പെടുത്തൽ, സർവേക്കെത്തിയ മിനറൽ എക്സ്പ്ലൊറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരായ ഗൗരവ്കുമാർ, വിശ്വജിത്പാൽ എന്നിവരെ പയ്യാവൂർ പോലീസ് കളക്ടറേറ്റിൽ എത്തിച്ചപ്പോൾ
കണ്ണൂർ: അതിർത്തി പഞ്ചായത്തായ അയ്യൻകുന്നിന്റെ ചില പ്രദേശങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘മിനറൽ എക്സ്പ്ലൊറേഷൻ ലിമിറ്റഡി’ന്റെ ഉദ്യോഗസ്ഥർ. ധാതുസമ്പത്തിന്റെ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായി സർവേക്കെത്തിയ രണ്ട് ഉദ്യോഗസ്ഥരെ പയ്യാവൂർ പോലീസ് കളക്ടറേറ്റിൽ എത്തിച്ചതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. ഇതോടെ നാട്ടുകാരിൽ ഉടലെടുത്ത ആശങ്കക്ക് വിരാമമായി.
സംസ്ഥാന സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതിയില്ലാതെ സർവേ നടത്തുന്ന ഇവരെക്കുറിച്ച് നാട്ടുകാരാണ് പോലീസിൽ വിവരം നൽകിയത്. പയ്യാവൂർ എസ്.ഐ. റെജി സക്കറിയയുടെ നേതൃത്വത്തിലാണ് ഇവരെയും ഇവർ സഞ്ചരിച്ച മഹാരാഷ്ടാ രജിസ്ട്രേഷനുള്ള വാഹനവും കളക്ടറേറ്റിലെത്തിച്ചത്.
സീനിയർ ജിയോ ഫിസിസിസ്റ്റ് ഗൗരവ്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് (സർവേ ആൻഡ് ഡ്രാഫ്റ്റ്) ബിശ്വജിത്പാൽ എന്നിവരാണ് സർവേക്കെത്തിയത്. ഗൗരവ്കുമാർ യു.പി. സ്വദേശിയും ബിശ്വജിത്പാൽ ബംഗാളിയുമാണ്. കേരള-കർണാടക അതിർത്തി കൃത്യമായി മനസ്സിലായില്ലെന്നും അതുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടാതിരുന്നതെന്നും തങ്ങൾക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയെന്നും ഇരുവരും പറഞ്ഞു. നാട്ടുകാരോട് സംസാരിക്കുന്നതിന് ഭാഷ പ്രശ്നമായെന്നും ഇവർ പറഞ്ഞു. സർവേ നടത്തുന്നതിനുള്ള അനുമതിക്കായി കളക്ടർക്കുള്ള അപേക്ഷ ഇവരുടെ കൈയിലുണ്ടായിരുന്നു.
അവധി ദിവസമായതിനാൽ കളക്ടർ സ്ഥലത്തുണ്ടായിരുന്നില്ല. എ.ഡി.എം. കെ.കെ. ദിവാകരനാണ് ഇവരുടെ രേഖകൾ പരിശോധിച്ചതും സംസാരിച്ചതും. ഇവർ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ചൊവ്വാഴ്ച രാവിലെ കളക്ടറേറ്റിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എ.ഡി.എം. പറഞ്ഞു. ശ്രീകണ്ഠപുരത്തെ ഒരു ലോഡ്ജിലാണ് ഇവർ താമസിക്കുന്നത്.
ബഫർസോൺ വിവാദം കത്തിനിൽക്കെ, മലയോരമേഖലയായ അയ്യൻകുന്ന് പഞ്ചായത്തിലെ ചില ഭാഗങ്ങളിൽ ചുവന്ന പെയിന്റ് കൊണ്ട് അടയാളപ്പെടുത്തിയത് കണ്ട് ഈ പ്രദേശങ്ങൾ കൂടി ബഫർസോണിൽ ഉൾപ്പെടുമോ എന്ന ആശങ്ക ജനങ്ങളിൽ ഉടലെടുത്തിരുന്നു. ഒരാഴ്ചയായിട്ടും അടയാളപ്പെടുത്തിയവരെ കണ്ടെത്താനും കഴിഞ്ഞതുമില്ല. ആരാണ് ഇതിന് പിന്നിലെന്ന നടത്തിയതെന്ന അന്വേഷണത്തിലായിരുന്നു കേരളാ പോലീസും വിവിധ വകുപ്പുകളും.
Content Highlights: kannur ayyankunnu karnataka bufferzone marking central public sector company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..