കുടിയൊഴിപ്പിച്ച കുടുംബത്തെ സംരക്ഷിച്ച പോലീസ് വീടും നല്‍കി; കാഞ്ഞിരപ്പള്ളിയിലെ ആ എസ്.ഐ. ഇതാ...


അഫീഫ് മുസ്തഫ

കോടതിയിൽനിന്ന് തിരിച്ചുകിട്ടിയ പുസ്തകങ്ങൾ ബബിതയുടെ മകൾ സൈബയ്ക്ക് എസ്.ഐ. എ.എസ്. അൻസൽ കൈമാറുന്നു(ഫയൽചിത്രം) എസ്.ഐ. എ.എസ്. അൻസൽ(വലത്ത്) Photo: മാതൃഭൂമി & facebook.com|ansal.abdul.1

നെയ്യാറ്റിൻകരയിലെ കുടിയൊഴിപ്പിക്കലിൽ പോലീസിനെതിരേ കടുത്ത വിമർശനങ്ങൾ ഉയരുമ്പോൾ മൂന്ന് വർഷം മുമ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്ന മറ്റൊരു കുടിയൊഴിപ്പിക്കലാണ് എല്ലാവരും ഓർമ്മിക്കുന്നത്. വിധവയും രോഗിയുമായ വീട്ടമ്മയെയും ഏകമകളെയും കോടതി ഉത്തരവ് പ്രകാരം കുടിയൊഴിപ്പിക്കേണ്ടിവന്നപ്പോൾ കാഞ്ഞിരപ്പള്ളി പോലീസ് അന്ന് സ്വീകരിച്ചത് ഏറ്റവും മാതൃകാപരമായ രീതിയായിരുന്നു.

ഒരുഭാഗത്ത് കുടുംബത്തിന്റെ ദൈന്യതയും മറ്റൊരു ഭാഗത്ത് നിയമം നടപ്പാക്കേണ്ട കടമയും ഒരേ സമയം കടന്നുവന്നപ്പോൾ അന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ. ആയിരുന്ന എ.എസ്. അൻസലാണ് ആ കുടുംബത്തിന് രക്ഷകനായത്. ജനമൈത്രി പോലീസും നല്ലവരായ നാട്ടുകാരും ഒത്തുചേർന്നപ്പോൾ ബബിത എന്ന വീട്ടമ്മയ്ക്കും മകൾ സൈബയ്ക്കും തലചായ്ക്കാനിടമൊരുങ്ങി.

2017 മാർച്ച് 20-നാണ് പുതക്കുഴി തൈപ്പറമ്പിൽ ബബിത, മകൾ സൈബ എന്നിവരെ ഒറ്റമുറി വീട്ടിൽനിന്ന് പോലീസിന് കുടിയൊഴിപ്പിക്കേണ്ടി വന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്നുള്ള കേസിലാണ് കോടതി ഇവരെ കുടിയൊഴിപ്പിക്കാൻ ഉത്തരവിട്ടത്. കാഞ്ഞിരപ്പള്ളി എസ്.ഐ. ആയിരുന്ന എ.എസ്. അൻസലിനും സംഘത്തിനുമായിരുന്നു ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത. ആ സംഭവത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി എസ്.ഐ. ആയിരുന്ന അൻസൽ തന്നെ വിവരിക്കുന്നു:

"ഒരു ശനിയാഴ്ച രാവിലെയാണ് കോടതി ജീവനക്കാരൻ കുടിയൊഴിപ്പിക്കാനുള്ള ഉത്തരവുമായി സ്റ്റേഷനിലെത്തിയത്. വീട്ടുകാരെ കുടിയിറക്കാൻ പോലീസ് സഹായം നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് കോടതി ജീവനക്കാർക്കും മറ്റുള്ളവർക്കുമൊപ്പം പോലീസ് സംഘവും പൂതക്കുഴി തൈപ്പറമ്പിൽ ബബിതയുടെ വീട്ടിലെത്തി. കോടതി ജീവനക്കാരൻ കേസിന്റെ വിധി സംബന്ധിച്ച് അവരെ അറിയിച്ചു.

"അടച്ചുറപ്പില്ലാത്ത വൈദ്യുതിയില്ലാത്ത ഒരു ചായ്പ് പോലുള്ള വീടായിരുന്നു അത്. രോഗിയായ ബബിത കട്ടിൽനിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലും. കൂടെയുള്ളത് 14 വയസ്സുള്ള മകൾ സൈബയും. കോടതി ഉത്തരവ് പ്രകാരം വീട്ടിൽനിന്നിറങ്ങണമെന്ന് കോടതി ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ അവർ തയ്യാറായില്ല. തുടർന്ന് പോലീസ് ഇടപെട്ടു. അവരുടെ അവസ്ഥ കണ്ടപ്പോൾ അവരെ സമാധാനിപ്പിക്കുകയാണ് ആദ്യം ചെയ്തത്. കുഴപ്പമില്ലെന്നും നിങ്ങളുടെ അവസ്ഥ കോടതിയെ അറിയിക്കാമെന്നും വാക്ക് നൽകി. അവിടെനിന്ന് ഞങ്ങൾ മടങ്ങി.

"തുടർന്ന് കുടുംബത്തിന്റെ അവസ്ഥ വിവരിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി. ആരോരുമില്ലാത്ത ഒരു അമ്മയെയും മകളെയും തെരുവിലേക്ക് ഇറക്കി വിടുന്നതിലുള്ള അരക്ഷിതാവസ്ഥയും വ്യക്തമാക്കി. എന്നാൽ, തിങ്കളാഴ്ച കോടതിയിൽനിന്ന് അനുകൂല നടപടിയുണ്ടായില്ല. നിർബന്ധമായും ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു നിർദേശം. അതോടെ, വേറെ വഴിയില്ലാതായി. ഉത്തരവ് നടപ്പാക്കാൻ ബബിതയുടെ വീട്ടിലെത്തി.

"കാര്യങ്ങൾ അവരെ പറഞ്ഞ് മനസിലാക്കി. ഹൈക്കോടതിയിൽനിന്ന് സ്റ്റേ ലഭിക്കുമെന്നും ഉച്ചവരെ കാത്തിരിക്കണമെന്നുമായിരുന്നു ബബിതയുടെ മറുപടി. അത് പോലീസ് സമ്മതിച്ചു. പക്ഷേ, ഉച്ചവരെ കാത്തിരുന്നെങ്കിലും സ്റ്റേ ഉത്തരവ് ലഭിച്ചില്ല. അതോടെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടന്നു. ഒന്നും പേടിക്കേണ്ടെന്നും എല്ലാത്തിനും സഹായമായി പോലീസുണ്ടെന്നും ബബിതയോട് പറഞ്ഞു. എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായതിനാൽ കിടക്കയോടെയാണ് ബബിതയെ ആംബുലൻസിലേക്ക് കയറ്റിയത്. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയും ഉറപ്പുവരുത്തി.

"ബബിതയുടെ വിവരം പുറംലോകം അറിഞ്ഞതോടെ ഒരു പാട് നല്ലവരായ ആളുകൾ സഹായവുമായെത്തി. ആശുപത്രി വിട്ട ബബിതയ്ക്കും മകൾക്കും മെച്ചപ്പെട്ട താമസസൗകര്യം പോലീസിന്റെ നേതൃത്വത്തിൽ തന്നെ സജ്ജമാക്കി. ആദ്യം ഒരു വാടക വീട്ടിലാണ് കുടുംബത്തെ താമസിപ്പിച്ചത്. പോലീസും നല്ലവരായ നാട്ടുകാരും വീട്ടിലേക്കുള്ള സാധനങ്ങൾ നൽകി. ഇതിനിടെയാണ് ബബിതയുടെ അക്കൗണ്ടിലേക്ക് പലരായി നൽകിയ തുക കൊണ്ട് അഞ്ച് സെന്റ് ഭൂമി വാങ്ങിച്ചത്. ആ ഭൂമിയിൽ വീട് പണിത് നൽകാമെന്ന് നേരത്തെ തന്നെ അവർക്ക് ഉറപ്പുനൽകിയിരുന്നു.

:ഒരുപാട് പേരുടെ സഹായം കൊണ്ട് 12 ലക്ഷം രൂപയ്ക്ക് വീട് നിർമിക്കാനായി. 2018 ജനുവരി 26-ന് മന്ത്രി എം.എം. മണിയാണ് ആ വീടിന്റെ താക്കോൽദാനം നിർവഹിച്ചത്. ആ കുടുംബം ഇന്ന് ഏറെ സന്തോഷത്തോടെ അവിടെ ജീവിക്കുന്നുണ്ട്. ഇതെല്ലാം ചെയ്യാനായതിൽ സന്തോഷം."- എ.എസ്. അൻസൽ പറഞ്ഞുനിർത്തി.

കാഞ്ഞിരപ്പള്ളിക്ക് സമീപത്തുതന്നെയാണ് ബബിതയ്ക്കും മകൾക്കും പുതിയ വീടൊരുങ്ങിയത്. അന്ന് സ്കൂൾ വിദ്യാർഥിനിയായിരുന്ന സൈബ ഇന്ന് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. കാഞ്ഞിരപ്പള്ളിയിൽ രണ്ടര വർഷത്തോളം എസ്.ഐ. ആയി സേവനമനുഷ്ടിച്ച എ.എസ്. അൻസൽ നിലവിൽ കോട്ടയം സ്പെഷ്യൽ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്.

Content Highlights:kanjirappally police si as ansal remembers that incident which happened three years ago


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022

Most Commented