മുനവ്വറലി ശിഹാബ് തങ്ങൾ | ഫോട്ടോ: കൃഷ്ണപ്രദീപ്|മാതൃഭൂമി
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹിമാന്റെ വീട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവർ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്." സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദര്‍ശിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വീട് സന്ദര്‍ശിക്കാനെത്തിയ മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞിരുന്നു. പിന്നീട് ഒപ്പമുള്ളവരെ കൂടാതെയാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
ഔഫിന്റെ വീട്ടിലെത്തുന്നതിനു മുന്‍പു തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം തടയുകയുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെ ഔഫിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. പിന്നീട് മുനവ്വറലിയെ മാത്രം വീട്ടില്‍ പ്രവേശിപ്പിക്കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു.
Content Highlights: Kanhangad DYFI Worker's murder; Munawarli Shihab Thangal visited the house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..