കാനം രാജേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം ശരിവെച്ച് സിപിഐ. സിബിഐ അന്വേഷണത്തിന് എതിരല്ലെന്നും സംസ്ഥാന സർക്കാരിന്റെ അറിവോടുകൂടി വേണം അന്വേഷിക്കാനെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ക്രിമിനല്‍ അന്വേഷണം സംസ്ഥാന പോലീസിന് നടത്താവുന്നതേയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
" സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കേസുകള്‍ എടുക്കാതെ കേന്ദ്രത്തിന് തോന്നിയത് മാത്രം എടുക്കുന്നതില്‍ വിവേചനമുണ്ട്. അത് പാടില്ല. സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങള്‍ ചെയ്യാവു എന്നാണ് പറയുന്നത്. അല്ലാതെ സിബിഐ പാടില്ല എന്നല്ല." - കാനം പറഞ്ഞു.
ലൈഫ് മിഷന്‍ കേസില്‍ വിദേശ നാണയ വിനിമയചട്ടം ലംഘിച്ചു എന്ന പേരിലാണ് അന്വേഷണം നടക്കുന്നതെന്നും അത് ലംഘിക്കപ്പെട്ടിട്ടുണ്ടോ, അന്വേഷിക്കാന്‍ അധികാരമുണ്ടോ എന്നതെല്ലാം ഹൈക്കോടതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണവും സംസ്ഥാന സര്‍ക്കാരിന് എതിരായി വ്യാഖാനിക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിന് എതിരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്‍ഐഎ കോടതി ജാമ്യം നല്‍കിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും ഏപ്രില്‍ മാസം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് വരെ ഈ പുകമറ പടര്‍ത്തിക്കൊണ്ടുപോകാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദേശീയ ഏജന്‍സികളെ ഉപയോഗിക്കുന്ന മറ്റൊരു കാലം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കാനം സിബിഐ വിഷയത്തില്‍ വി.മുരളീധരന് മറുപടിയും നല്‍കി. അഴിമതി അന്വേഷിക്കുന്നുവെങ്കില്‍ യെദ്യൂരപ്പയ്ക്ക് എതിരേയും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ മുരളീധരന്റെ കുടുംബസ്വത്തല്ല, രാജ്യത്തിന്റെ ഏജന്‍സിയാണെന്നും കാനം പറഞ്ഞു.
Content Highlights: Kanam Rajendran supports CPM on CBI issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..