കാനത്തിന് സംഭവിച്ച മാറ്റവും മൂന്നാം ഊഴവും


സി.സരിത്‌

MBI Photo

അപസ്വരങ്ങളും വിമര്‍ശനങ്ങളും മറികടന്ന് വീണ്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്റെ മൂന്നാമൂഴത്തില്‍ എന്തായിരിക്കും സി.പി.ഐയുടെ ഭാവി?

മിടുക്കനായൊരു വിദ്യാര്‍ഥിയുണ്ടായിരുന്നു. പഠനത്തില്‍ സ്‌കൂളില്‍ ഒന്നാമന്‍. എന്നാല്‍ എപ്പോഴും ഹോം വര്‍ക്ക് ചെയ്യാതെയാണ് ക്ലാസിലെത്തുക. മറന്നു പോകുന്നുവെന്നായിരുന്നു മറുപടി. അതിന് അധ്യാപകന്‍ ഒരു വഴി കണ്ടെത്തി. മുണ്ടിന്റെ കോന്തലയ്ക്ക് ഒരു കെട്ടിട്ടുക. വീട്ടിലെത്തിയാല്‍, ഈ കെട്ട് കാണുമ്പോള്‍ ഹോം വര്‍ക്കിനെ കുറിച്ച് ഓര്‍മ വരുമല്ലോ. എന്നാല്‍ പിറ്റേന്നും തഥൈവ. അന്വേഷിച്ചപ്പോള്‍ പറഞ്ഞു, ആ കെട്ട് എന്തിനാണെന്ന് മറന്നുപോയി. ഇതാണ് ഇ.എം.എസ്. എന്തിനാണ് സി.പി.എം. സ്ഥാപിച്ചതെന്ന് അദ്ദേഹം മറന്നു പോയി.(പ്രമുഖ സി.പി.ഐ. .നേതാവായിരുന്ന പി.ആര്‍. നമ്പ്യാര്‍ 1970 -കളുടെ ആദ്യം നടത്തിയ പ്രസംഗത്തില്‍ നിന്ന് )

കാറും കോളും നിറഞ്ഞ അന്തരീക്ഷം പ്രകടമായ സി.പി.ഐ. സംസ്ഥാന സമ്മേളനം ചാറ്റല്‍മഴ പോലുമില്ലാതെ പര്യവസാനിച്ചു. "ഇത് വ്യത്യസ്തമായ പാര്‍ട്ടിയാണ്. ഇവിടെ ഒറ്റ ഗ്രൂപ്പെയുള്ളു. സി.പി.ഐ. ഗ്രൂപ്പ്."- സമ്മേളനത്തിനു ശേഷം കാനം പ്രതികരിച്ചു. കണ്ണൂരിലെ സി.പി.എം. സംസ്ഥാനസമ്മേളന ശേഷം 18-02-2002 -ല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണവും സമാനമായിരുന്നു. "സി.പി.എമ്മിലെ ഐക്യത്തെയാണ് ഈ സമ്മേളനം അരക്കിട്ടുറപ്പിച്ചത്. പാര്‍ട്ടിയുടെ കെട്ടുറപ്പിന്റെയും കരുത്തിന്റെയും സമാഗമായ പ്രഖ്യാപനമായി സംസ്ഥാന സമ്മേളനം."ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു സെക്രട്ടറി സ്ഥാനത്ത് പി.കെ.വിക്കാലം കടന്നുപോയത്. വാക്കും നോക്കും കരുതലോടെയായിരുന്നു. അങ്ങനെ മറ്റൊരു സി പി എമ്മായി സി.പി.ഐ. പരിണമിച്ചുവെന്ന വിമര്‍ശം അകത്തു തന്നെയുണ്ടായി. പാര്‍ട്ടി ശുഷ്‌കിച്ചു വന്നു. വെളിയം ഭാര്‍ഗവന്‍ സെക്രട്ടറിയായ ആദ്യ ഊഴത്തില്‍ പാര്‍ട്ടിക്ക് ഉണര്‍വ് വന്നതായി പലരും വിലയിരുത്തുന്നു രണ്ടാം ഊഴത്തിലെത്തിയപ്പോള്‍ അനാരോഗ്യത്താലുള്ള വെളിയത്തിന്റെ പരിമിതികളുടെ സാഹചര്യത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയെ സി.പി.എമ്മിന്റെ വിധേയരാക്കി മാറ്റിയെടുത്തു. സ്ഥിതി വഷളായി. അപ്പോഴായിരുന്നു സി.കെ.ചന്ദ്രപ്പന്റെ വരവ്.

ചരിത്രവും പ്രത്യയശാസ്ത്രവും നിലപാടുകളും വിമര്‍ശനബുദ്ധിയോടെ ചന്ദ്രപ്പന്‍ നിരന്തരം പരിശോധിച്ചു. ആരെയും വെറുതെവിട്ടില്ല. അത് എ.കെ.ജിയായാലും കോടിയേരിയായാലും. ചരിത്രം: എ.കെ.ജി. ചെയ്തതു കൊണ്ട് മിച്ചഭൂമി സമരം മഹത്തായ സമരമാകില്ല, അത് വേലിചാടല്‍ സമരം തന്നെ. പ്രത്യയ ശാസ്ത്രം: കോമിന്റോണ്‍ രേഖകള്‍ പാര്‍ട്ടി പ്രസാധനശാലയിലൂടെ പ്രകാശിപ്പിച്ചു. നിലപാട്: പാമോയില്‍ കേസ് വിധി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ല, വിജിലന്‍സ് സ്ഥാനമൊഴിഞ്ഞാല്‍ മതിയെന്ന കോടിയേരിയുടെ പ്രസ്താവന പ്രായോഗിക രാഷ്ട്രീയത്തിന്റെ അഭാവം.

ഇങ്ങനെ, പാര്‍ട്ടിയുടെ സ്വത്വം വീണ്ടെടുത്ത് നിഴലില്‍നിന്ന് വെളിച്ചത്തിലേക്ക് പ്രതിഷ്ഠിച്ചു. മുഖപ്രസിദ്ധീകരണമായ 'നവയുഗ'ത്തില്‍ ചന്ദ്രപ്പന്‍ എഴുതാറുള്ള ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിനു വേണ്ടി താഴെത്തട്ടിലുള്ള സഖാക്കള്‍ കാത്തിരിക്കുന്ന നിലയിലേക്കുളള രാഷ്ട്രീയ ഉള്ളടക്കം. അതിനാകട്ടെ വയലാര്‍ സ്റ്റാലിന്റെ മകന് ഒന്നര വര്‍ഷമേ വേണ്ടിവന്നുള്ളു. തിരുവനന്തപുരം സീറ്റു വിവാദം നാണം കെടുത്തിയ പന്ന്യന്‍ രവീന്ദ്രന്റെ അന്തരാളഘട്ടവും കടന്നായിരുന്നു കാനത്തിന്റെ വരവ്. ഇടതു രാഷ്ട്രീയം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു കാനത്തിന്റെ പ്രയാണം. നിലമ്പൂരിലെയും അട്ടപ്പാടിയിലെയും കാടുകളിലെയും വെടിയൊച്ചകള്‍ക്ക് മീതെ ഉയര്‍ന്ന കാനത്തിന്റെ മുഴക്കം ഇപ്പോഴും കേരളത്തിന്റെ കാതുകളിലുണ്ട്. സി.പി.എമ്മും സര്‍ക്കാരും അടിസ്ഥാന നയങ്ങളില്‍നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം കാനം. സി.പി.എമ്മും സര്‍ക്കാരും അടിസ്ഥാന നയങ്ങളില്‍നിന്ന് വ്യതിചലിച്ചപ്പോഴെല്ലാം കാനം പ്രതിപക്ഷ നേതാവായി അവതരിച്ചു. ഇടതുപക്ഷ ഐക്യത്തിന്റെ ബാധ്യത അതിന് തടസ്സമായില്ല. എന്നാല്‍, രണ്ടു വര്‍ഷമായി ആ കാനം അപ്രത്യക്ഷനായി.

പിളര്‍പ്പിന്റെ കാരണങ്ങളായി സി.പി.എം. ചൂണ്ടിക്കാട്ടുന്ന വാദങ്ങള്‍ ഒരു പതിറ്റാണ്ടായി നേര്‍ത്തുവന്ന് ഏറ്റവും അപ്രസക്തമായ കാലമാണിത്. അതാകട്ടെ കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള പ്രാധാന്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. എന്നിട്ടും കേരള ഭരണത്തിന്റെ ബാധ്യത പേറിക്കൊണ്ട് കോണ്‍ഗ്രസിനെ നിരന്തര വിമര്‍ശനപക്ഷത്തേക്ക് മാറ്റി നിര്‍ത്തുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂട്ടാമെന്ന 1970 -കളിലെ ഇ എം.എസ്. നയത്തിന്റെ പ്രേതത്തെയാണ് ഇതില്‍ കാണുന്നത്. ആ നയത്തെ എന്നും പടിപ്പുറത്ത് നിര്‍ത്തിയ സി.പി.ഐയാകട്ടെ ഇടതു ഐക്യത്തിന്റെ പേരില്‍ സി.പി.എമ്മിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് വിമര്‍ശനത്തെ പുല്‍കുകയാണ്. ജനറല്‍ സെക്രട്ടറിയെ ഹോട്ടല്‍ മുറിയിലിരുത്തി പൊതുസമ്മേളനം കാനം ഉദ്ഘാടനം ചെയ്തത് പ്രതീകമായെടുത്താല്‍ കേരളം ഇന്ത്യയെ ഭരിക്കുന്ന അവസ്ഥ.

പിളര്‍പ്പ് ഹിമാലയന്‍ മണ്ടത്തരവും ദുരന്തവുമാണെന്ന് വിശദീകരിച്ച് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമാണ് സി.പി.ഐക്കുള്ളത്. ഡാങ്കെയുടെ കോണ്‍ഗ്രസ് ആഭിമുഖ്യത്തിന് രഹസ്യമായി കൈ കൊടുക്കുന്ന നേതാക്കള്‍ ഇപ്പോഴും സി.പി.ഐയിലുണ്ട്. ഭട്ടിന്‍ഡ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിലപാടിനെ ഇവര്‍ തള്ളുന്നു. വര്‍ഗീയ ശക്തികളെ അകറ്റി നിര്‍ത്താന്‍, പാര്‍ട്ടിക്ക് രാജ്യമാകെ പടരാന്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ അവര്‍ അടിവരയിടുന്നു. സി.കെ.ചന്ദ്രപ്പന്‍ ഭട്ടിന്‍ഡയില്‍ ഡാങ്കേവാദിയിരുന്നല്ലോ.

റോസ ഇപ്പോഴും ജീവിക്കുന്നു

കേന്ദ്രീകൃത ജനാധിപത്യത്തിന്റെ അപകടസാധ്യത തിരിച്ചറിയുകയും അത് വ്യക്തമാക്കുകയും ചെയ്ത കമ്യൂണിസ്റ്റാണ് റോസ ലക്‌സംബര്‍ഗ് . .നേതൃത്വം പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കുന്ന പ്രക്രിയയും ആ അവസ്ഥയുടെ ദുരന്തവും അവര്‍ വിശദീകരിച്ചിട്ടുണ്ട്. റോസയുടെ നിരീക്ഷണം ഇപ്പോഴും അര്‍ത്ഥവത്താണെന്നതു തന്നെയല്ലേ സി.പി.ഐയുടെ തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളനത്തില്‍ കണ്ടത്? അച്ചടക്കത്തിന്റെ വാള്‍ത്തലപ്പും രഹസ്യാത്മകതയുടെ കവചമണിഞ്ഞും അതൃപ്തികളെയും അപസ്വരങ്ങളെയും വിമര്‍ശനങ്ങളെയും പുറംലോകത്തിന് മുമ്പില്‍ നിന്ന് അകറ്റി നിര്‍ത്താനായേക്കും. എന്നാല്‍ പ്രസ്ഥാനത്തിന്റെ ജൈവ ഘടനയിലുണ്ടാക്കുന്ന ധാര്‍മികക്ഷതങ്ങള്‍ ആഴമേറിയതായിരിക്കും. ധാര്‍മികതയില്ലാതെ ഒരു പ്രസ്ഥാനത്തിന് എന്തു ഭാവി?

പാര്‍ട്ടി അംഗസംഖ്യയിലെ വളര്‍ച്ച, മുന്നണി മര്യാദ, നിയമസഭയിലെ സി.പി.എമ്മിന്റെ അംഗബലം -പാര്‍ട്ടി സ്വതം മറന്ന് സി.പി.എമ്മിന് കീഴടങ്ങിയെന്ന വിമര്‍ശനത്തിന് കാനത്തില്‍ നിന്ന് ഇത്തരം സാങ്കേതികമായ മറുപടിയല്ലാതെ തൃപ്തികരമായ ഉത്തരങ്ങള്‍ പാര്‍ട്ടി വിമര്‍ശകര്‍ക്ക് കിട്ടുന്നില്ല. പി.ആര്‍. നമ്പ്യാരുടെ പ്രസംഗത്തിലെ ആ കുട്ടിയെയാണ് ഇപ്പോള്‍ കാനം ഓര്‍മിപ്പിക്കുന്നത്. എന്താണ് സി.പി.ഐ. എന്നും പ്രസക്തിയെന്നും കാനം മറന്നു പോയോ? അര നൂറ്റാണ്ടു മുമ്പ് കേരളമറിയുന്നമറ്റൊരു കാനമുണ്ടായിരുന്നു. ജനപ്രിയ നോവലിസ്റ്റായ കാനം ഇ.ജെ. സാഹിത്യത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ജനപ്രിയതയ്ക്ക് താത്കാലിക പ്രസക്തിയെയുള്ളുവെന്ന് ചരിത്രം പറയുന്നു.

Content Highlights: kanam rajendran, cpi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented