തിരുവനന്തപുരം: ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് യുഡ് എഫും ബിജെപിയുമെന്ന് കാനം രാജേന്ദ്രന്‍. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം സര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണെന്നും എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളതെന്നും കാനം കുറ്റപ്പെടുത്തി. ജനയുഗം പത്ത്രതിലെഴുതിയ നീണ്ട ലേഖനത്തിലാണ് പ്രതിപക്ഷത്തിനെതിരേ കനത്ത ആരോപണം കാനമുന്നയിച്ചിരിക്കുന്നത്.

ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ

"ലോക്ക്ഡൗണില്‍ ഒരുവീട്ടില്‍പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലെന്ന സർക്കാരിന്റെ കരുതലിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. സമൂഹ അടുക്കള , എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യറേഷന്‍ , ലക്ഷക്കണക്കിനാളുകള്‍ക്ക് സാമൂഹ്യക്ഷേമപെന്‍ഷനുകള്‍, കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷിക്കല്‍, കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ ന്യായമായ വില നല്‍കി ഏറ്റെടുക്കല്‍ തുടങ്ങി ഇന്ത്യക്കും ലോകത്തിനും മാതൃകയായി കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചപ്പോള്‍ എന്തിനുമേതിനും കുറ്റപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങുകയായിരുന്നു പ്രതിപക്ഷം. ഒരു ദുരന്തവേളയില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിച്ചു. ലോക്ഡൗണിനേയും അവര്‍ എതിര്‍ത്തു. അമേരിക്കയാണ് മാതൃക എന്നു കൂടി പറഞ്ഞുവെച്ചു. ആനുകൂല്യവിതരണങ്ങള്‍, ഭക്ഷ്യധാന്യ വിതരണം എന്നിവയേയും അപഹസിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല.

ഈ മഹാമാരിയെ ലാഘവത്തോടെയാണ് അമേരിക്കയടക്കമുള്ള വമ്പന്‍ സാമ്പത്തികശക്തിരാഷ്ട്രങ്ങള്‍ കണ്ടത്. അതേ പാതയിലായിരുന്നു ആദ്യം ഇന്ത്യാഗവണ്‍മെന്റും. ട്രംപിന് സ്വീകരണം നല്‍കല്‍, മദ്ധ്യപ്രദേശിലെ ഭരണത്തെ അട്ടിമറിക്കല്‍ എന്നിങ്ങനെയുള്ള കലാപരിപാടികളില്‍ അഭിരമിക്കുകയായിരുന്നു ദേശീയ ഭരണരാഷ്ട്രീയ നേതാക്കള്‍.എന്നാല്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊന്നാകെയും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി. സാമൂഹ്യ അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കാനും നിരന്തരമായി കൈകഴുകാന്‍ പ്രേരിപ്പിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ഭരണനായകര്‍ തന്നെ നേരിട്ടിറങ്ങിയപ്പോള്‍ അത് ഇന്ത്യക്കാകെ മാതൃകയായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചും നിയമസഭാസമ്മേളനം നിര്‍ത്തിവെച്ചും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയും കേരളം കാട്ടിയ മുന്‍കരുതല്‍ ഒന്നുകൊണ്ടു മാത്രമാണ് സമൂഹവ്യാപനം എന്ന ദുരന്തത്തിലേക്ക് നമ്മുടെ നാട് വീഴാതിരുന്നത്. വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമേയുള്ളു എന്നതിന്റെ പേരില്‍ ഇത്ര കടുപ്പത്തിലുള്ള നടപടികളൊന്നും വേണ്ടതില്ല എന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നു കേരളത്തിലെ പ്രതിപക്ഷത്തിന് അന്നുണ്ടായിരുന്നത്. ആ വാദഗതികള്‍ എത്രമേല്‍ അബദ്ധമായിരുന്നുവെന്ന് ഇന്ന് നാം മനസിലാക്കുന്നുണ്ട്. കേരളം സ്വീകരിച്ച മുന്‍കരുതലുകളുടെ ഗുണഫലം അനുഭവിക്കുകയാണ് ഇന്ന് ഈ സംസ്ഥാനത്തെ മുഴുവനാളുകളും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ അയാള്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തത്.കോവിഡ് 19 നേക്കാള്‍ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കൈയ്യൊഴിയാന്‍ കേരളം തയ്യാറാവും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമ്പോള്‍ അത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജനം കൈയ്യൊഴിയുമെന്ന ബോധ്യമാണ് ദുരന്ത കാലത്ത് സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷത്തേയും ബിജെപിയേയും പ്രേരിപ്പിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നുണ്ട്. ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങള്‍ നടത്തി അപഹാസ്യരാകാതിരിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ".

ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണെന്നും അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതല്ലെന്നും കാനം എണ്ണിയെണ്ണി കുറ്റപ്പെടുത്തി.

content highlights: kanam Rajendran criticise congress and bjp for their irresponsible responses during Corona Time