Kanam Rajendranതിരുവനന്തപുരം: മൂന്നാറില്‍ നിയമപ്രകാരം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥരെ സർക്കാർ അനുവദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സിലിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ പാര്‍ട്ടികളെ ശക്തിപ്പെടുത്തുന്നതിന് സിപിഐയും സിപിഎമ്മും പ്രതിജ്ഞാബദ്ധമാണ്. ഇടതുപക്ഷത്തിന്റെ പൊതുനിലപാടില്‍ നിന്നും മാറി എന്തെങ്കിലും നിലപാടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ടത് സിപിഐയുടെ ചുമതലയാണ്. അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകണം. പാര്‍ട്ടിയിലെ അഭിപ്രായങ്ങള്‍ ഒരു ന്യൂനപക്ഷത്തിന്റ അഭിപ്രായമല്ല. അത് പാര്‍ട്ടിയുടെ എല്ലാ അംഗങ്ങളുടേയും അഭിപ്രായമാണ്. മറുവാദങ്ങള്‍ ശരിയല്ല. 

ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നടപടികള്‍ക്ക് പാര്‍ട്ടി കൗണ്‍സില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി കയ്യേറിയിരിക്കുന്ന വന്‍കിടക്കാരെ ഒഴിപ്പിക്കണം. സര്‍ക്കാര്‍ അതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഭൂമി കയ്യേറുന്നതിന് കൂടുതല്‍ ശിക്ഷയും അത് കൈകാര്യം ചെയ്യാന്‍ ട്രൈബ്യൂണലുകള്‍ പോലുള്ള നിയമസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. ടാറ്റയുടെ ഭൂമി ആരാണെടുത്തതെന്ന് എല്ലാവര്‍ക്കും അറിയാം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്ത് വര്‍ഗീയത ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ തകരുന്നത് മതനിരപേക്ഷതയാണ്. ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിന് ഇടതുപക്ഷത്തിന് ചുമതലയുണ്ടെന്നും കാനം ഓര്‍മിപ്പിച്ചു.