ആനി രാജ, കാനം രാജേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കേരള പോലീസിനെതിരേ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാന പോലീസിനോട് സംസ്ഥാന സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ല. അക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം പ്രതികരിച്ചു.
കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വമായ ഇടപെടല്‍ പോലീസ് സേനയില്‍ നിന്ന് ഉണ്ടാവുന്നുണ്ട്. പോലീസിന്റെ അനാസ്ഥ മൂലം മരണങ്ങള്‍വരെ ഉണ്ടാവുന്നു. ദേശീയതലത്തില്‍ പോലും നാണക്കേട് ഉണ്ടാക്കുന്നതാണ് പോലീസിന്റെ നയമെന്നായിരുന്നു ആനി രാജയുടെ വിമര്‍ശനം.പോലീസില്‍ ആര്.എസ്.എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകമായി വകുപ്പും മന്ത്രിയും വേണമെന്നും ആനി രാജ പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് കാനത്തിന്റെ പ്രതികരണം.
സംസ്ഥാനത്തെ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാതെ നടത്തിയ ആനി രാജയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേന്ദ്രനേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കാനം പ്രതികരിച്ചു. കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ അവസാനിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര് ഇപ്പോഴും സിപിഐയിലേക്ക് വരുന്നുണ്ട്. ഇനിയും കൂടുതല്‍ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിട്ടുവരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Kanam Rajendran Annie Raja CPI Kerala Police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..