കമലാസനൻ, സരോജിനി | Image Courtesy: https://www.facebook.com/drrbindhu
കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്ക് ഒരു പുനരധിവാസകേന്ദ്രമെന്നത് കോഴിക്കോട് എരഞ്ഞിപ്പാലം സരോജ് വിഹാറില്‍ കമലാസനന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു. മകള്‍ പ്രിയയുടെ ജീവിതംതന്നെയായിരുന്നു ആ മോഹത്തിനു പിന്നില്‍. കൊല്ലം വെളിയം കായിലയില്‍ കഴിഞ്ഞദിവസം പുനരധിവാസകേന്ദ്രം ഒരുങ്ങി. മൂന്നരക്കോടി രൂപ വിലവരുന്ന ഭൂമിയും കെട്ടിടവുമാണ് കമലാസനനും ഭാര്യ സരോജിനിയും ഇതിനായി വിട്ടുനല്‍കിയത്. എന്നാല്‍ അധികം വൈകാതെ പ്രിയയെയും പ്രിയ ഹോമിലെ അന്തേവാസികളെയും വിട്ട് അദ്ദേഹം യാത്രയാകുകയായിരുന്നു.
'പ്രിയ ഹോം' മന്ത്രി ആര്.ബിന്ദുവാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്. പ്രാരംഭഘട്ടത്തില്‍ 15 വനിതകളാണ് പ്രിയ ഹോമിന്റെ തണലിലാകുന്നത്. വെസ്റ്റ്ഹില്‍ ടെക്നിക്കല്‍ സ്കൂളിലെ റിട്ട. അധ്യാപകനായ കമലാസനന് കോഴിക്കോട് ചെറൂട്ടിറോഡില്‍ മാനസികവെല്ലുവിളി നേരിടുന്നവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാന്ത്വനം എന്ന സംഘടനയുടെ സെക്രട്ടറികൂടിയായിരുന്നു. ഭാര്യ സരോജിനി ചാലപ്പുറം ഗണപത് ഗേള്‍സ് സ്കൂളില്‍നിന്നു വിരമിച്ച പ്രഥമാധ്യാപികയും സി.പി.എം. നേതാവായിരുന്ന സി.എച്ച്. കണാരന്റെ മകളുമാണ്. സാമൂഹികനീതി വകുപ്പിന് ഇവര്‍ വിട്ടുനല്‍കിയ സ്ഥലവും കെട്ടിടവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടികളില്‍ കാലതാമസമുണ്ടായിരുന്നു. ഏറ്റെടുക്കല്‍ പൂര്‍ത്തിയായശേഷം കെട്ടിടം നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. മകള്‍ പ്രിയയുടെ സംരക്ഷണംകൂടി ഉദ്ദേശിച്ചാണ് ഇവര്‍ സ്ഥലവും കെട്ടിടവും സര്‍ക്കാരിനു കൈമാറിയത്.
ഭൂമിയും വീടും വിട്ടുനല്‍കാനുള്ള സന്നദ്ധത 2016 നവംബറില്‍ത്തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചതാണ്. സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീടും സ്ഥലവും പരിശോധിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി ഏഴിന് ഭൂമി ഏറ്റെടുക്കാന്‍ കൊല്ലം കളക്ടര്‍ക്ക് കത്തു നല്കി. കൊട്ടാരക്കര അഡീഷണല്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം കമലാസനന് തുടര്‍നടപടികള്‍ ചെയ്തു. പിന്നീട് നടപടികള്‍ നീണ്ടു. ഒടുവില്‍ കഴിഞ്ഞ 26-നാണ് 'പ്രിയ ഹോം' യാഥാര്‍ഥ്യമായത്. കമലാസനനെയും സരോജിനിയെയും വെള്ളിയാഴ്ച എരഞ്ഞിപ്പാലത്തെ വീട്ടിലെത്തി ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കമലാസനന്റെ സ്വപ്നത്തിനൊത്ത് പ്രിയ ഹോമിനെ ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നാണ് മന്ത്രി ആര്.ബിന്ദു ഫെയ്സ്ബുക്കിലെ അനുശോചനക്കുറിപ്പില്‍ പ്രതികരിച്ചത്.
ആര്. ബിന്ദുവിന്റെ അനുശോചനക്കുറിപ്പില്നിന്ന്
ബൗദ്ധിക വെല്ലുവിളിയുള്ള ഏക മകള്‍ പ്രിയയുടെ നാമധേയത്തില്‍, സമാനരായ ഒട്ടേറെ പേര്‍ക്ക് ഉപകരിക്കും വിധം ഒരു ഭവനം പുരയിടമടക്കം സര്‍ക്കാരിന് ദാനം ചെയ്ത സ്നേഹമയന്‍ യാത്രയായിരിക്കുന്നു. കോഴിക്കോട്ടെ 'സാന്ത്വനം' ജീവകാരുണ്യസംഘടനയുടെ സെക്രട്ടറിയും ഡയറ്റില്‍ നിന്ന് വിരമിച്ച അധ്യാപകനുമായ കമലാസനന് മാസ്റ്ററുടെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു.
ഈയടുത്ത ദിവസമാണ് ശ്രീ. കമലാസനനും, ഭാര്യയും സഖാവ് സി എച്ച് കണാരന്റെ മകളുമായ സരോജിനി ടീച്ചറും എഴുതി നല്കിയ 'പ്രിയ ഹോമി'ലും ചേര്‍ന്നുള്ള പുരയിടത്തിലുമായി മാനസിക-ബൗദ്ധിക വെല്ലുവിളികളുള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കായുള്ള പുനരധിവാസ ഗ്രാമം പദ്ധതിക്ക് നേരില്‍ച്ചെന്ന് തുടക്കം കുറിച്ചത്. ശ്രീ. കമലാസനന് ആദരമര്‍പ്പിക്കാന്‍ കൂടി നിശ്ചയിച്ചിരുന്ന ചടങ്ങില്‍ അദ്ദേഹത്തിന് ശാരീരികപ്രയാസത്താല് എത്താന്‍ സാധിച്ചിരുന്നില്ല.
ആഗസ്ത് അഞ്ചിന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ വീട്ടില്‍ച്ചെന്ന് വന്ദിക്കാന്‍ തീരുമാനിച്ചതായിരുന്നു. സാധിക്കാതെ പോയിരിക്കുന്നു.
വിട. താങ്കള്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ യാത്രയാവൂ. കൂടുതല്‍ ഉയരങ്ങളിലേക്ക് 'പ്രിയ ഹോം' സ്വപ്നത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..