തിരുവന്തപുരം:  ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്ന  കത്തില്‍ വിശദീകരണവുമായി സംവിധായകന്‍ കമല്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ മന്ത്രി എ.കെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്.

കത്ത് അടഞ്ഞ അധ്യായമാണെന്നും വളരെ മുമ്പാണ് ഈ കത്തയച്ചതെന്നും വ്യക്തമാക്കിയ കമല്‍. ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം എന്നല്ല ഉദ്ദേശിച്ചതെന്നും ചിലര്‍ തുടരുന്നത് ഗുണം ചെയ്യും എന്നതിനാലാണ് കത്തയച്ചതെന്നും വ്യക്തമാക്കി. കത്തയച്ചത് വ്യക്തപരമാണ്. അതിനാല്‍ തന്നെ  കത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ കത്തിലെ ഇടതുപക്ഷം എന്ന പരാമര്‍ശം ജാഗ്രത കുറവ് മൂലം സംഭവിച്ചതാണെന്നും കമല്‍ വ്യക്തമാക്കി.  നെഹ്‌റു പോലും ഇടതു ചായ് വുള്ളയാളാണെന്ന് കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നും കമല്‍ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടത് അനുഭാവികളായ നാല് പേരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കമല്‍ മന്ത്രി എ.കെ ബാലന് കത്തയച്ചത്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സഹാകയകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയത്

അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ചയ്ക്കിടെയാണ്  രമേശ് ചെന്നിത്തല കത്ത് പുറത്തുവിട്ടത്. കത്ത് പുറത്തുവന്നതോടെ  കമലിനെതിരെ  പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Kamal's explanation on controversial letter