കല്‍പ്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍ അധ്യക്ഷനും എം.എന്‍. കാരശ്ശേരി, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരത്തിനായി കല്‍പ്പറ്റ നാരായണനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചു. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണന്‍ എന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

വാക്കിന്റെ മിതത്വം കവിതയുടെ ലാവണ്യവുമായി പുലര്‍ത്തുന്ന ഒരു അനന്യയൗഗികം കല്‍പ്പറ്റ കവിതകളുടെ സവിശേഷ മുദ്രയാണ്. കവിയുടെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ 'തൂവലിനേക്കാള്‍ കനം കുറഞ്ഞ തൂക്കക്കട്ടികളാല്‍ മാത്രം അളക്കാനാവുന്ന വാക്കുകള്‍ കവിതയില്‍ എങ്ങിനെയാണ് കാലാതിവര്‍ത്തിയായ ഗുരുത്വം ആവഹിക്കുന്നത്' എന്നതിന് കല്‍പ്പറ്റ നാരായണന്റെ കവിതകള്‍ സാക്ഷ്യമാവുന്നു. ഗദ്യകവിതയിലെ സൗന്ദര്യപഥത്തിലൂടെയാണ് കല്‍പ്പറ്റക്കവിത ചരിക്കുന്നത്. പൂര്‍വ്വ ഭാരങ്ങളില്ലാതെ നാം ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ-സാമൂഹിക-ധൈഷണിക മാനങ്ങളെ അത് ധ്വനനഭംഗിയില്‍ കവിതയിലേക്ക് എടുത്തുവയ്ക്കുന്നു. കവിത എന്നതുപോലെ നോവലിലും സാംസ്‌കാരിക വിമര്‍ശനത്തിലും തന്റെ വിരലടയാളങ്ങള്‍ സഫലമായി പതിപ്പിച്ചു കല്‍പ്പറ്റ നാരായണന്‍-സമിതി വിലയിരുത്തി. 

പാലൂക്കാപ്പില്‍ ശങ്കരന്‍നായരുടേയും നാരായണി അമ്മയുടേയും മകനായി കല്‍പ്പറ്റക്കടുത്ത കരിങ്കുറ്റിയില്‍ ജനിച്ച കല്‍പ്പറ്റ നാരായണന്‍ ഗദ്യത്തിലും കവിതയിലുമായി നിരവധി കൃതികള്‍ രചിച്ചു. ഈ കണ്ണടയൊന്ന് വെച്ച് നോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, ഏതിലയും മധുരിക്കുന്ന കാടുകളില്‍, സമയപ്രഭു, തത്സമയം, ഇത്രമാത്രം, നിഴലാട്ടം, ഒരുമുടന്തന്റെ സുവിശേഷം, കോന്തല, കറുത്ത പാല്‍, എന്റെ ബഷീര്‍, മറ്റൊരു വിധമായിരുന്നെങ്കില്‍, സൗന്ദര്യം വെളുപ്പുമായി ഒരുടമ്പടിയിലും ഒപ്പുവെച്ചിട്ടില്ല, കയര്‍ മുറുകുകയാണ് എന്നിവയാണ് പ്രധാന രചനകള്‍. 

ബഷീര്‍ അവാര്‍ഡ്, ഡോ. ടി. ഭാസ്‌കരന്‍ നായര്‍ അവാര്‍ഡ്, മസ്‌കറ്റ് പ്രവാസി മലയാളി അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ് എന്നിവയാണ് ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍. ഭാര്യ: രാധ, മക്കള്‍: പ്രഫുല്ലചന്ദ്രന്‍, ശരച്ചന്ദ്രന്‍.

Content Highlights: Kalpetta Karayanan, Padmaprabha Literary Award 2018