പയ്യോളി: കല്പറ്റ നാരായണൻ ബുധനാഴ്ച പയ്യോളി ജി.വി.എച്ച്.എസ്. സ്കൂളിൽ നടത്താനിരുന്ന പുസ്തകപ്രകാശനച്ചടങ്ങ് അനുമതി ലഭിക്കാത്തതിനാല്‍ നടന്നില്ല. പ്രതിഷേധമുണ്ടാകുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് സ്കൂൾ പ്രധാനാധ്യാപകനും ക്യാമ്പ് ഓഫീസറുമായ കെ.എൻ. ബിനോയ് കുമാർ അനുമതിനിഷേധിച്ചതെന്നാണ് റിപ്പോർട്ട്.

എസ്.എസ്.എൽ.സി. പരീക്ഷയുടെ മലയാളം പേപ്പറിന്റെ മൂല്യനിർണയ ക്യാമ്പ് പയ്യോളി സ്കൂളിൽ നടക്കുന്നുണ്ട്. ഈ ക്യാമ്പിന്റെ ഇടവേളയിൽ പരിപാടിനടത്താൻ ഒരാഴ്ച മുമ്പാണ് അനുമതിനൽകിയത്. 12 മണിക്ക് നടത്താനിരുന്ന പരിപാടിക്ക് അവസാനനിമിഷമാണ് അനുമതി നിഷേധിക്കപ്പെട്ടത്.

വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനായ നാസർ കക്കട്ടിൽ കുട്ടികൾക്കായി രചിച്ച രണ്ടു പുസ്തകങ്ങളാണ് പ്രകാശനം ചെയ്യേണ്ടിയിരുന്നത്. നാസറും മൂല്യനിർണയ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. നളചരിതം ആട്ടക്കഥയും കാളിദാസകൃതികളുമാണ് പുസ്തകങ്ങൾ.

കഴിഞ്ഞ നാലാംതീയതി തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത്‌ കല്പറ്റ നാരായണൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗം ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വൈറലായി മാറി. പ്രസംഗത്തിനെതിരേ ശക്തമായ എതിർപ്പും ഉയർന്നു. വടകരയിലെ ഇടതുമുന്നണി സ്ഥാനാർഥി പി. ജയരാജിനെതിരേയായിരുന്നു പ്രസംഗം. ജയരാജിനെതിരേ ജയിക്കുന്ന സ്ഥാനാർഥിക്ക് വോട്ടുചെയ്യുമെന്നും കല്പറ്റ നാരായണൻ പ്രഖ്യാപിച്ചു.

വിവാദത്തിൽ നിൽക്കുന്ന ആളെവെച്ച് തിരഞ്ഞെടുപ്പ് സമയത്ത് മൂല്യനിർണയക്യാമ്പിൽ പരിപാടി നടത്തുന്നതിനെതിരേ പലകോണുകളിൽനിന്നും ക്യാമ്പ് ഓഫീസർക്ക് ഫോൺവിളി വന്നു. ചിലതെല്ലാം ഭീഷണിസ്വരത്തിലായിരുന്നുവെന്ന് അറിയുന്നു. പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസിൽനിന്നും സമർദമുണ്ടായി. ഈ സാഹചര്യത്തിൽ പ്രത്യാഘാതങ്ങളും പ്രതിഷേധവും ഭയന്ന് പുസ്തകപ്രകാശനച്ചടങ്ങിന് അനുമതി വേണ്ടെന്നുവെക്കുകയായിരുന്നു.

സാധാരണ മൂല്യനിർണയക്യാമ്പ് നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പരിപാടികൾ നടത്താറുണ്ടെന്നും ക്യാമ്പ് ഓഫീസർ പറഞ്ഞു.

അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരേ തൃശ്ശൂരിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഹാലിളകിയവർ പിന്നിൽനിന്ന് ചരട്‌ വലിച്ചാണ് പുസ്തകപ്രകാശനച്ചടങ്ങ് ഇല്ലാതാക്കിയതെന്ന് കല്പറ്റ നാരായണൻ പറഞ്ഞു.

Content Highlights: kalpetta narayanan, lok sabha election 2019