കല്ലമ്പലം (തിരുവനന്തപുരം): 

ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി പണമടക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ(21) ആണ് മരിച്ചത്. 

പ്രസവത്തിന് വേണ്ടി ഇന്നലെ രാത്രിയാണ് ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ ശ്രീജയെ അഡ്മിറ്റ് ചെയ്തിരുന്നു. പറഞ്ഞ പണം അടയ്ക്കാത്തതിനാല്‍ ആശുപത്രി അധികൃതര്‍ ചികിത്സ വൈകിപ്പിച്ചു എന്നാണ് ആരോപണം. തുടര്‍ന്ന് യുവതിയുടെ നില വഷളായപ്പോള്‍ ബന്ധുക്കള്‍ ഇവരെയും കൊണ്ട് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ എത്തുമ്പോഴേക്കും യുവതി മരണപ്പെട്ടു. 

തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയുടെ മൃതദേഹവുമായി കെ.ടി.സി.ടി. ആശുപത്രിയിലെത്തി റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു. ശ്രീജ മരിച്ചതിന് ശേഷവും ഒരു വിവരവും ആശുപത്രി ആധികൃതര്‍ നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സിസ്സേറിയന്‍ നടത്തിയതിനെത്തുടര്‍ന്ന് കുട്ടി രക്ഷപ്പെട്ടു. ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.