കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വോട്ടുള്ള ബൂത്ത് ഉള്‍പ്പെടുന്ന സ്ഥലമാണ് വടകരയിലെ കല്ലാമല. തന്റെ നാട്ടില്‍ പോലും കൈപ്പത്തിക്ക് വെട്ടുചെയ്യാനാവില്ലെന്ന സങ്കടമായിരിക്കാം ഒരു പക്ഷെ എല്ലാ ധാരണയ്ക്കുമപ്പുറം കൈപ്പത്തി സ്‌നേഹം മുല്ലപ്പള്ളി രാമചന്ദ്രന് ഇവിടെ വല്ലാതെ വന്നത്. തുടര്‍ന്ന് സ്വന്തം നിലയ്ക്ക് തന്നെ സ്ഥാനാര്‍ഥിയെ വെക്കുകയും ചെയ്തു. രണ്ട് തവണ വടകരയില്‍ നിന്നും എം.പിയായ തന്നോട് ആലോചിക്കുകയും കൂടെ ചെയ്യാതെയായിരുന്നു ഇവിടെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് മുല്ലപ്പള്ളി ആരോപിച്ചത്. എന്നാല്‍ വടകര എം.പി കെ.മുരളീധരന്‍ മുല്ലപ്പള്ളിയുടെ സ്വന്തം നിലയ്ക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പരസ്യമായി രംഗത്ത് വരികയും മുന്നണി ധാരണയ്‌ക്കൊപ്പം വിമതതനേയും നല്‍കുന്ന പരിപാടി ശിയാവില്ലെന്ന നിലപാടെടുക്കകയും ചെയ്തതോടെ കല്ലാമല ഈ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ കല്ലുകടിയാവുകയായിരുന്നു.

കല്ലാമലയിലെ അഭിപ്രായ അനൈക്യം നിര്‍ണായകമായ ഒഞ്ചിയം മേഖലയിലടക്കം ജനകീയമുന്നണിയുണ്ടാക്കി തിരഞ്ഞെടുപ്പിന് ഇറങ്ങിയ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയായിരുന്ന ഒഞ്ചിയം മേഖലയ്ക്ക് ആര്‍.എം.പിയുടെ വരവോടെയാണ് ഇളക്കം തട്ടിതുടങ്ങിയത്. ഇവിടെ യു.ഡി.എഫിനെ കൂട്ടി വിജയം ഉറപ്പിക്കുക ലക്ഷ്യത്തോടെയായിരുന്നു ജനകീയ മുന്നണി വന്നത്. കല്ലാമലയില്‍ സി.സുഗതനെ മുന്നണിയുടെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനിടെയാണ് മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി വിവാദത്തിന് തുടക്കമിട്ടത്. ആഴ്ചകള്‍ നീണ്ട വിവാദങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും  ഒടുവില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് മുല്ലപ്പള്ളി പിന്‍വാങ്ങിയെങ്കിലും ഇനി ജനകീയ മുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത്‌ കെ.മുരളീധരന്റെ കൂടെ ആവശ്യമായിരിക്കുകയാണ്. അല്ലാത്ത പക്ഷം പഴി മുഴവന്‍ സ്ഥാനാര്‍ഥിയുടെ പേരില്‍ കേള്‍ക്കേണ്ടിയും വരും കെ.മുരളീധരന്‍. 

കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള സ്ഥലത്ത് ആര്‍.എം.പി സ്ഥാനാര്‍ഥിയായതിനാലാണ് തോറ്റതെന്ന നിലപാട് മുല്ലപ്പള്ളിയടക്കമുള്ളവര്‍ മുന്നോട്ട് വെച്ചാല്‍ അതിന്റെ ഉത്തരവാദിത്വം മുഴവുന്‍ മുരളീധരനായിരിക്കും. ഒപ്പം പ്രചരണത്തില്‍ നിന്ന് വിട്ട് നിന്നും പരസ്യ പ്രതികരണം നടത്തിയും കെ.മുരളീധരന്‍ തിരഞ്ഞെടുപ്പ് കാലത്തെടുത്ത നിലപാടുകള്‍ വിജയസാധ്യതയ്ക്ക് മങ്ങലേറ്റുവെന്ന ആരോപണവും ഒരു പക്ഷെ കേള്‍ക്കേണ്ടിവരികയും ചെയ്യും. 

ഒഞ്ചിയം, അഴിയൂര്‍, ഏറാമല, ചോറോട് ഗ്രാമപ്പഞ്ചായത്ത്, ഈ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ജനകീയ മുന്നണി എന്ന പേരില്‍ യു.ഡി.എഫും ആര്‍.എം.പി.ഐ.യും മത്സരിക്കുന്നത്. ധാരണപ്രകാരം നാല് പഞ്ചായത്തുകളില്‍ ആര്‍.എം.പി.ഐ. 24 വാര്‍ഡുകളിലാണ് മത്സരിക്കുന്നത്. 25 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 23 ഇടത്ത് മുസ്ലിം ലീഗും മത്സരിക്കും. മൂന്നിടത്ത് സ്വതന്ത്രന്‍മാരുമാണ്. ഒഞ്ചിയം പഞ്ചായത്തിലാണ് ആര്‍.എം.പി.ഐ. കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ആകെയുള്ള 17 വാര്‍ഡുകളില്‍ ഒമ്പതിടത്താണ് ഇവിടെ മത്സരം. എല്ലായിടത്തും യു.ഡി.എഫും ആര്‍.എം.പി.ഐ.യും പരസ്പരം മത്സരിക്കാത്ത വിധമായിരുന്നു ധാരണ. ഇതിന് വിരുദ്ധമായിരുന്നു കല്ലാമലയിലെ സ്ഥനാര്‍ഥിത്വം.