ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് സമീപമുള്ള കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് അണയ്ക്കുന്നു
കോഴിക്കോട്: നഗരത്തില്‍ ചൊവ്വാഴ്ച രാത്രി മൂന്നു നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് സമീപമുള്ള കെട്ടിടത്തിലാണ് രാത്രി പത്തോടെ തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല. ഒളവണ്ണ സ്വദേശി ജൈസലിന്റെ ഉടമസ്ഥതയിലുള്ള ഡിസ്കോ ഏജന്‍സിക്കാണ് തീപിടിച്ചത്.
മൂന്നുനില കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഇവിടെ നിന്നും താഴത്തെ നിലകളിലേക്ക് തീ പടരുകയായിരുന്നു. സമീപവാസികള്‍ അറിയിച്ചതോടെ ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് ഫയര്സ്റ്റേഷനുകളില്നിന്നും 11 യൂണിറ്റെത്തി അര്‍ധരാത്രി ഒരുമണിയോടെയാണ് തീ അണയ്ക്കാനായത്. കെട്ടിടത്തില്‍നിന്നും ജനല്ച്ചില്ലുകളുംമറ്റും പൊട്ടിത്തെറിച്ച് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് പരിക്കേറ്റു. രാത്രി പത്തോടെ കെട്ടിടത്തില്‍നിന്നും പുക ഉയരുന്നതുകണ്ട വാഹനയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. കെട്ടിടത്തിന്റെ തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. ഇവിടേക്ക് തീ പടരുന്നത് തടയാനായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. സമീപത്തുള്ള വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇതുകൂടാതെ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ പുഷ്പ ജംങ്ഷനില്‍നിന്നും റെയില്‍ വേസ്റ്റേഷനിലേക്കുള്ള റോഡും അടച്ചു. കെട്ടിടം ഇടവഴിയിലായതിനാല് അഗ്നിരക്ഷാസേനാ വാഹനത്തിന് കെട്ടിടത്തിന്റെ അടുത്തേക്ക് എത്താന്‍ സാധിക്കാത്തത് ആശങ്കയുണ്ടാക്കി. ഇത് തീ അണയ്ക്കുന്നതിന് ഏറെ പ്രയാസമുണ്ടാക്കി.

രക്ഷാ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും പങ്കാളികളായി. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് തുടങ്ങി വാഹനങ്ങളുടെ അനുബന്ധ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയാണ് അഗ്നിക്കിരയായത്. നാശനഷ്ടം കണക്കായിട്ടില്ല. കളക്ടര്‍ എസ്. സാംബശിവറാവു, എം.കെ. രാഘവന് എം.പി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസ്, എന്‍. സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. രണ്ട് മാസത്തിനിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപ്പിടിത്തമാണിത്.
കാഴ്ചക്കാരുടെ തിരക്ക്
രാത്രി പത്തരയോടെയുണ്ടായ തീപ്പിടിത്തം കാണാന്‍ കാഴ്ചക്കാരുടെ തിരക്കായിരുന്നു. ഇതുവഴിയുള്ള വാഹനങ്ങള്‍ നിയന്ത്രിച്ച് ആളുകളെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചിരുന്നെങ്കിലും വീണ്ടും ആളുകള്‍ കൂടുകയായിരുന്നു.
content highlights: Kallai Building Fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..