Image Screen Captured from Facebook Video| facebook.com|AmmuMenon19
കോഴിക്കോട്: ഫെബ്രുവരി 21-ന് മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായത് ഡ്രൈവറുടെ തോന്ന്യവാസവും അമിത വേഗതയുമെന്ന് യാത്രക്കാരി. അപകടത്തില്‍പ്പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന അമൃതയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ബസിന്റെ അമിത വേഗതയ്ക്കെതിരേ രംഗത്തെത്തിയത്. കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോളാണ് അപകടം സംഭവിച്ചതെന്ന വിവരം സത്യമല്ലെന്നും അമിതവേഗം കാരണമാണ് അപകടം സംഭവിച്ചതെന്നും അമൃത പറഞ്ഞു.
'' അപകടത്തെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ സത്യമല്ല. എന്റെ തൊട്ടടുത്ത സീറ്റില്‍ കിടന്നിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആ പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. മലയാളിയല്ല. കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചതെന്ന വാര്‍ത്തയും ശരിയല്ല. ഡ്രൈവറുടെ തോന്ന്യവാസമാണ് എല്ലാത്തിനും കാരണം. രാത്രി ബെംഗളൂരുവില്നിന്നെടുത്ത ബസ് അമിതവേഗതയിലായിരുന്നു ഓടിയത്. സ്ലീപ്പര്‍ കോച്ചായിരുന്നെങ്കിലും അമിതവേഗം കാരണം കിടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇളകുകയായിരുന്നു. ബസിന്റെ വേഗം കുറയ്ക്കണമെന്നും കുടുംബവും ഗര്‍ഭിണി അടക്കമുള്ള യാത്രക്കാര്‍ ബസിലുണ്ടെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അയാള്‍ ഗൗനിച്ചില്ല. നിങ്ങള്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ടെന്നും ഇത് ഞങ്ങള്‍ സ്ഥിരംപോകുന്ന റൂട്ടാണെന്നുമായിരുന്നു ഡ്രൈവറുടെ മറുപടി.
ബസ് ഹുന്‍സൂരില്‍നിന്ന് മറ്റൊരു റോഡിലൂടെ തിരിച്ചുവിട്ടിരുന്നു. വഴി സംശയമായപ്പോള്‍ അമിതവേഗത്തില്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. ഞങ്ങളെല്ലാം തലകുത്തിമറിഞ്ഞു. എനിക്ക് തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റു. എന്റെ കഴുത്തിലേക്ക് മുകളിലുള്ളവര്‍ വീണു. മരിച്ച പെണ്‍കുട്ടിയും തൊട്ടടുത്താണ് വന്നുവീണത്. ആ പെണ്‍കുട്ടിയുടെ ദേഹത്തും പലതും വന്നുവീണിരുന്നു. ഉള്ളില്‍ മുറിവുണ്ടായാണ് മരണം സംഭവിച്ചത്.
ബസില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ ക്ലീനര്‍ കാലില്ലാതെ കിടക്കുന്നു. ഒരു യാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുപോയി. ഗര്‍ഭിണിക്ക് അരുതാത്തത് സംഭവിച്ചു. എല്ലാം ഡ്രൈവറുടെ തോന്ന്യവാസം കാരണം സംഭവിച്ചതാണ്. എന്തിനാണ് ബസ് ഈ റോഡിലേക്ക് തിരിച്ചതെന്നാണ് പോലീസുകാരന് പോലും ചോദിച്ചത്.
അപകടത്തില്‍ പരിക്കേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷമുള്ള പലതും ഓര്‍മ്മയില്ല. ഞങ്ങള്‍ക്ക് നാട്ടിലെത്താനായി കല്ലട മറ്റൊരു ബസ് അയച്ചിരുന്നു. എന്നാല്‍ അതില്‍ കയറാന്‍ ധൈര്യമുണ്ടായിരുന്നില്ല. പക്ഷേ, നാട്ടിലേക്കെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ ആ ബസില്‍ കയറി. രാവിലെയാണ് ആ ബസ് അവിടെനിന്ന് പുറപ്പെട്ടത്'' അമൃത പറഞ്ഞു.
ഹുന്‍സൂരുവിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്രയ്ക്കായി നടപടികള്‍ സ്വീകരിക്കണമെന്നും അമൃത ആവശ്യപ്പെട്ടു. പിണറായി വിജയനും കേരള പോലീസും ഇക്കാര്യം പരിഗണിക്കണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അമൃതയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സിനിമാ താരം അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.
Content Highlights: kallada bus accident at hunsur mysore; passenger allegation against driver for over speed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..