ബെംഗളൂരു: കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പിടിയില്‍. നിരോധിത ഭീകരവാദ സംഘടനയായ അല്‍ ഉമ തലവന്‍ മെഹബൂബ് പാഷയാണ് പിടിയിലായത്. ബെംഗളൂരു പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  

പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ബെംഗളൂരു എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരു പോലീസ് ഇവരെ കസ്റ്റഡില്‍ വാങ്ങിയിട്ടുണ്ട്. 

അല്‍ ഉമ സംഘടനയാണ് സ്‌പെഷ്യല്‍ എസ്‌ഐ വില്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പറഞ്ഞിരുന്നു. അല്‍ ഉമ തലവന്‍ മെഹബൂബ പാഷ പരിശീലനം നല്‍കി ആളുകളാണ് ഇതുവരെ കേസില്‍ പിടിയിലായവരെന്നും സൂചനയുണ്ട്. 

അതേസമയം പിടിയിലായ മുഖ്യപ്രതികളായ തൗഫീഖ്, അബ്ദുള്‍ സമീം എന്നിവര്‍ക്കെതിരേ പോലീസ് യുഎപിഎ ചുമത്തി. പ്രതികളുടെ കേരള ബന്ധം അടക്കം പരിശോധിക്കാന്‍ ക്യൂ ബ്രാഞ്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഭരണ-പോലീസ് സംവിധാനങ്ങള്‍ക്ക് എതിരെയുള്ള  പോരാട്ടത്തിന്റെ ഭാഗമായാണ് പോലീസുകാരനെ കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയത്.

Content Highlights; kaliyikkavila police murder case, bangalore police arrested al ummah leader