കൊച്ചി: കളിയിക്കാവിള ചെക്‌പോസ്റ്റില്‍ തമിഴ്‌നാട് സ്‌പെഷ്യല്‍ഗ്രേഡ് എസ്.ഐ. വില്‍സനെ വെടിവെച്ച് കെന്ന കേസില്‍ തെളിവെടുപ്പിനിടെ കണ്ടെടുത്തത് സൈനികര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള  തോക്കാണെന്ന് പോലീസ്. സൈനികരുടെ കൈവശമുള്ള പ്രത്യേക ഇറ്റാലിയന്‍ നിര്‍മിത തോക്കാണിതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് ക്യൂബ്രാഞ്ച് വ്യക്തമാക്കി.

തോക്ക് എങ്ങനെയാണ് പ്രതികള്‍ക്ക് ലഭിച്ചെതെന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു. അതേസമയം ഈ തോക്ക് തന്നെയാണോ പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചതെന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരുകയാണ്. 

നേരത്തെ കേസിലെ മുഖ്യ ആസൂത്രകനായ അല്‍ ഉമ്മ തലവന്‍ മെഹബൂബ് പാഷയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതികളുടെ തീവ്രവാദ ബന്ധത്തിലേക്കും അന്വേഷണം നീളുകയാണ്. കേസ് എന്‍.ഐ.എക്ക് കൈമാറുന്ന ഘട്ടത്തിലാണ് കൃത്യത്തിന് ഉപയോഗിച്ച തോക്കിന്റെ നിര്‍ണായക തെളിവ് തമിഴ്‌നാട് പോലീസിന് ലഭിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന തെളിവെടുപ്പിനിടെ എറണാകുള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റഡിന് സമീപമുള്ള ഓടയില്‍നിന്നാണ് തോക്ക് പോലീസ് കണ്ടെത്തിയിരുന്നത്‌. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീമിന്റെയും  തൗഫീഖിന്റെയും മൊഴിയനുസരിച്ച് രണ്ടു പേരെയും ഇവിടേക്കെത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കളിയിക്കാവിള ചെക്‌പോസ്റ്റ് പരിസരത്തും പ്രതികള്‍ താമസിച്ചിരുന്ന ഇടങ്ങളിലും കഴിഞ്ഞ ദിവസവും ക്യൂബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

content highlights; kaliyikkavila murder case, recovered gun are same as military gun