തിരുവനന്തപുരം: കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളായ തൗഫീഖും ഷമീമും കുറ്റം സമ്മതിച്ചു. കൊലപാതകം ഭരണ-പോലീസ് സംവിധാനത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. സംഘടനയുടെ ആശയം നടപ്പാക്കുകയാണ് ചെയ്തതെന്നും പ്രതികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

തമിഴ്‌നാട് ഡിഐജിയുടെയും കന്യാകുമാരി എസ്പിയുടെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിന് ശേഷമാണ് പ്രതികളുടെ പ്രാഥമിക മൊഴി പുറത്തുവന്നത്‌. അതേസമയം, പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയുടെ പേര് സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. 

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയും പോലീസ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് കളിയിക്കാവിളയിലെ തമിഴ്‌നാട് പോലീസിന്റെ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന സ്‌പെഷ്യല്‍ എസ്‌ഐയെ പ്രതികള്‍ വെടിവെച്ചുകൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ്‌ തിരുവനന്തപുരം വെരാവല്‍ എക്പ്രസില്‍ എത്തിയ തൗഫീഖിനെയും ഷമീമിനെയും ഉഡുപ്പി റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. 

Content Highlights; kaliyikkavila murder culprits agree their crime, kaliyikkavila police murder case