തിരുവനന്തപുരം: കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ്. പ്രതികള്‍ക്ക് തോക്ക് എത്തിച്ചുനല്‍കിയത് ഇയാളാണെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. ഇയാളെ തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് കൂടുതല്‍ ചോദ്യംചെയ്യലിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ബെംഗലൂരുവില്‍ തിങ്കളാഴ്ച രാവിലെയാണ് ഇജാസ് പാഷ പടിയിലായത്. ക്യൂ ബ്രാഞ്ച് ഇവരെ ചോദ്യംചെയ്തതില്‍നിന്നാണ് ഇജാസ് പാഷയാണ് പ്രതികള്‍ക്ക് തോക്ക് കൈമാറിയതെന്ന് വ്യക്തമായത്. മുംബൈയില്‍നിന്നെത്തിച്ച തോക്ക് ബെംഗലൂരുവില്‍ വെച്ച് പ്രതികളില്‍ ഒരാളായ തൗഫീഖിന് കൈമാറുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.

തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ ഒരാളാണ് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇജാസ് പാഷ. 

ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കളിയിക്കാവിള മാര്‍ക്കറ്റിനു സമീപം വെടിവെക്കുന്നതിന് തൊട്ടുമുന്‍പ് പരിസരത്ത് വന്നു നോക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു. തമിഴ്നാട് പോലീസിന്റെ 10 പ്രത്യേകസംഘങ്ങളെ എസ്.പി. ശ്രീനാഥയാണ് നയിക്കുന്നത്.

Content Highlights: kaliyikkavila ASI murder case