ശബരിമല: ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരെ നിശ്ചയിച്ചു. മാവേലിക്കര കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും. കുറുവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു.

പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഭാര്യ: പൈവള്ളിക്കല്‍ ഇല്ലം ഉമാദേവി അന്തര്‍ജനം (അധ്യാപിക, മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍). മക്കള്‍: നാരായണന്‍ നമ്പൂതിരി (ഐഐടി വിദ്യാര്‍ഥി കര്‍ണാടക), വിഷ്ണു നമ്പൂതിരി (ഡിഗ്രി വിദ്യാര്‍ഥി മാവേലിക്കര ബിഷപ് മൂര്‍ കോളേജ്). സഹോദരങ്ങള്‍: ശങ്കരന്‍നമ്പൂതിരി, എന്‍.ഗോവിന്ദന്‍നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി, സുവര്‍ണനി അന്തര്‍ജനം, ഗീത അന്തര്‍ജനം.

sabarimala melshanti
ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് | ചിത്രം: twitter.com/chnharish

രാവിലെ ഉഷഃപൂജയ്ക്കുശേഷമാണ് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പു നടന്നത്. അന്തിമപട്ടികയിലുള്‍പ്പെട്ട ഒമ്പത് ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലില്‍ പൂജിച്ച ശേഷം നറുക്കെടുപ്പിന് അവകാശികളായ പന്തളം കൊട്ടാരത്തിലെ കുട്ടികള്‍ സന്നിധാനത്തെത്തി നറുക്കെടുക്കുന്നതാണ് രീതി. പന്തളം കൊട്ടാരത്തിലെ ഗോവിന്ദ് വര്‍മയാണ് ഇത്തവണ നറുക്കെടുത്തത്. 

വൃശ്ചികം ഒന്നിന് മണ്ഡല മഹോത്സവത്തിന് നട തുറക്കുമ്പോള്‍ പുതിയ മേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും. 21-ന് രാത്രി 10-ന് നട അടയ്ക്കും.

Content Highlights: Kalikkal madom Parameshwaran Namboothiri to be Sabarimala melshanthi