കെ. വിദ്യ. photo: vidya vijayan/facebook
പാലക്കാട്: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് പിടിക്കപ്പെട്ടതിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്ക്ക് വീണ്ടും തിരിച്ചടി. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ കാലടി സര്‍വകലാശാല തീരുമാനിച്ചു. സിന്‍ഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുക. വിദ്യ ഉള്‍പ്പെട്ട പിഎച്ച്.ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉള്‍പ്പെടെ കമ്മിറ്റി പരിശോധിക്കും.
പിഎച്ച്.ഡി പ്രവേശനത്തിനായി വിദ്യയെ സര്‍വകലാശാല വഴിവിട്ട് സഹായിച്ചെന്നും എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചാണ് പ്രവേശനം നല്‍കിയതെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് വിദ്യക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു സര്‍വകലാശാല സ്വീകരിച്ചത്. വിഷയം കോടതിയിലെത്തിയപ്പോള്‍ വിദ്യക്ക് അനുകൂലമായാണ് കോടതിയില്‍ സര്‍വകലാശ നിലപാടെടുത്തത്. വ്യാജരേഖ സമര്‍പ്പിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണിപ്പോള്‍ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.
2020-ല്‍ 10 സീറ്റുകള്‍ ഒഴിവുള്ളതിനാല്‍ 10 പേര്‍ക്ക് മാത്രമായിരുന്നു കാലടി യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡിക്ക് പ്രവേശനം നല്‍കിയത്. പിന്നീട് റിസര്‍ച്ച് സമിതി അഞ്ചുപേരെ കൂടി അധികമായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ അഞ്ചാമതായാണ് വിദ്യയ്ക്ക് പ്രവേശനം ലഭിച്ചത്. അഞ്ചു പേരെ കൂടുതലായി ഉള്‍പ്പെടുത്തിയത് വിദ്യയ്ക്ക് വഴിവിട്ട സഹായം നല്‍കാനാണെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
അഞ്ചുപേരില്‍ ഒരാള്‍ എസ്.സി എസ്ടി വിഭാഗത്തില്‍നിന്നാവണമെന്ന് സംവരണ ചട്ടമുള്ളതിനാല്‍ പട്ടികയില്‍ അഞ്ചാമാതായി ഉള്‍പ്പെട്ട വിദ്യയ്ക്ക് പകരം വരേണ്ടിയിരുന്നത് എസ്.സി എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയായിരുന്നു. നേരത്തെ 10 പേര്‍ക്ക് പ്രവേശനം നല്‍കിയപ്പോള്‍ അതില്‍ രണ്ടുപേര്‍ എസ്.സി എസ്ടി ആയിരുന്നു. അതിനാല്‍ എസ്.സി എസ്ടി സംവരണച്ചട്ടം അട്ടിമറിച്ചാണ് വിദ്യയ്ക്ക് സീറ്റ് നല്‍കിയതെന്നായിരുന്നു ആരോപണം.
ഒരുഘട്ടത്തില്‍ വിദ്യക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ കാലടി സര്‍വകലാശാല അതേ ആരോപണങ്ങളില്‍ തന്നെ അന്വേഷണം നടത്താന്‍ ഇപ്പോള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നതാണ് ശ്രദ്ധേയം.
Content Highlights: kalady university decided to recheck vidyas phd admission
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..