തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതില്‍ കൂടുതല്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. ഇൗ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സ്ഥാപിക്കാന്‍ അപര്യാപ്തമാണ്.
ഈ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച ശേഷം പോലീസ് കേസ് അവസാനിപ്പിക്കും. കേസ് ഏതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടും പോലീസിനുണ്ട്.
കേസുമായി ബന്ധപ്പെട്ട് മണിയുടെ ആന്തരിക അവയവങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നതായി തെളിയിക്കാന്‍ പോന്ന തെളിവുകള്‍ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആറു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇതും കേസിന് സഹായകമായില്ല.
കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.
പോലീസ് തോല്‍വിയാണ്, കോടതിയെ സമീപിക്കും -മണിയുടെ സഹോദരന്
കൊച്ചി: പോലീസില്‍ വിശ്വാസമില്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് കലാഭവന്‍ മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്.
മണിയുടെ മരണത്തിന് കാരണം വിഷാംശം അകത്തു ചെന്നതാണെന്ന് കണ്ടെത്തിയിരുന്നു. തെളിവില്ലെന്ന് പറയുന്നത് ശരിയല്ല. നുണ പരിശോധനയില്‍ വിശ്വാസമില്ല. പോലീസിന്റെ നിലപാട് കാത്തിരിക്കുകയായിരുന്നെന്നും കോടതി വഴി നീതി തേടുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..