തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുജനും നര്‍ത്തകനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അമിതമായ അളവില്‍ ഉറക്ക ഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് ഇദ്ദേഹത്തെ അദ്ദേഹത്തിന്റെ സ്ഥാപനമായ കുന്നിശേരി രാമന്‍ കലാഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവെച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് ബോധംവന്ന ശേഷം കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിനുള്ള രാമകൃഷ്ണന്റെ അപേക്ഷ സംഗീത നാടക അക്കാദമിതള്ളിയതുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ചില പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു.

Content Highlights: Kalabhavan Mani's brother r l v ramakrishnan was admitted to hospital