കണ്ണൂര്‍: കതിരൂര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പൊന്ന്യം സ്വദേശിയായ അശ്വന്ത് (22)ആണ് പിടിയിലായത്. സി.ഒ.ടി.നസീര്‍ വധശ്രമക്കേസിലെ മൂന്നാം പ്രതി കൂടിയാണ് അശ്വന്ത്. ഇതിനുപുറമേ നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് അശ്വന്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കതിരൂര്‍ സി.ഐയാണ് പിന്നീട് ഇയാളെ പിടികൂടിയത്. അശ്വന്തിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. 

വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പൊന്ന്യം ചുണ്ടങ്ങാപ്പൊയില്‍ റോഡില്‍ തെക്കേ തയ്യിലില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു.സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മാഹി ചൂടിക്കോട്ട സ്വദേശി കുട്ടു എന്ന റിനീഷ് (33), ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജൂട്ടി (36), അഴിയൂര്‍ സ്വദേശി ധീരജ് (34) എന്നിവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം സി.പി.എം. പ്രവര്‍ത്തകരാണ്. റിനീഷിന്റെ ഇരു കൈപ്പത്തികളും തകര്‍ന്നിട്ടുണ്ട്. സജൂട്ടിക്ക് കണ്ണിനാണ് പരിക്ക്. സംഭവസ്ഥലത്തുനിന്ന് പുതുതായി നിര്‍മിച്ച 13 സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു.

പൊന്ന്യം പുഴയോടുചേര്‍ന്നുള്ള തോടിനുകുറുകെ ഏറുമാടം പോലെ പന്തല്‍കെട്ടി അതിലിരുന്നാണ് ബോംബ് നിര്‍മിച്ചത്. സ്‌ഫോടനം നടന്നയുടന്‍ പരിക്കേറ്റവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. നാടന്‍ബോംബ് നൂലുപയോഗിച്ച് കെട്ടിമുറുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. ആറംഗസംഘമാണ് ബോംബ് നിര്‍മിച്ചിരുന്നത്. മൂന്നുപേര്‍ പുഴയിലൂടെ രക്ഷപ്പെടുകയായിരുന്നു.

തെക്കേവയലിനും പൊന്ന്യം പുഴയ്ക്കും ഇടയിലെ കാട്ടിലാണ് നിര്‍മാണ കേന്ദ്രം. പുറമെനിന്നുള്ള ആര്‍ക്കും ഇത് എളുപ്പത്തില്‍ കണ്ടെത്താനാവില്ല. സമീപത്ത് വീടുകളുണ്ടെങ്കിലും മീന്‍പിടിക്കാനെന്നപേരില്‍ പലരും ഇവിടെ എത്താറുണ്ട്. അതിനാല്‍ പരിസരവാസികള്‍ ശ്രദ്ധിക്കാറില്ല. നിര്‍മാണകേന്ദ്രത്തില്‍ ഭക്ഷണാവശിഷ്ടങ്ങളും കുപ്പിവെള്ളവുമുണ്ട്. സംഭവം നടന്നയുടന്‍ കതിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവര്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. 

Content Highlights: Kadirur bomb blast :CPM activist Aswanth in police custody