തിരുവനന്തപുരം: സുപ്രീം കോടതി വിധി ലംഘിക്കാന്‍ ശബരിമല തന്ത്രിക്ക്‌ അവകാശമില്ലെന്നും തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്ത്രിക വിദ്യകള്‍ ചെയ്യേണ്ടയാളാണ് തന്ത്രിയെന്നും ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചന നടത്തിയ ശേഷം മാത്രമേ ശബരിമലയില്‍ ശുദ്ധിക്രിയ പോലുള്ള ചടങ്ങുകള്‍ ചെയ്യാന്‍ തന്ത്രിക്ക് അവകാശമുള്ളുവെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ അയിത്താചാരനിയമപരിധിക്കുള്ളില്‍ വരുമെന്നും തന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നത് വിശദീകരണം ലഭിച്ച ശേഷമായിരിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. തന്ത്രിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ വിനോദസഞ്ചാരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും എന്നാല്‍ പുറത്തുള്ളവര്‍ക്ക് അതിനെ കുറിച്ച് ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ പോകുമ്പോള്‍ ജാഗ്രത വേണമെന്ന വിദശരാജ്യങ്ങളുടെ നിര്‍ദേശം അപമാനകരമാണെന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരും ഹര്‍ത്താലനുകൂലികളും ഇക്കാര്യം ഓര്‍മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

Content Highlights: Kadakampally Surendran On Tantri, Hartal Issues, Sabarimala, Sabarimala Women Entry Protests