സന്നിധാനം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിന്റെ പേരില്‍ വ്യാപകമായ അക്രമം നടത്താന്‍ ആര്‍ എസ് എസിനും സംഘത്തിനും ആരാണ് അനുമതി കൊടുത്തിരിക്കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് അക്രമത്തിന് നേതൃത്വം നല്‍കുന്ന ആര്‍ എസ് എസ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആര്‍ എസ് എസ് ഇത് നടപ്പാക്കുന്നത്. 

പുണ്യഭൂമിയിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കാന്‍ ബി ജെ പി തയ്യാറാകണം. പുനഃപരിശോധനാ ഹര്‍ജിക്കുള്ള നിയമോപദേശം ദേവസ്വം ബോര്‍ഡ് തേടുമെന്നും മന്ത്രി പറഞ്ഞു.

തീര്‍ഥാടകര്‍ക്കു നേരെയുള്ള അതിക്രമം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മുമ്പ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ചവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
അക്രമം കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

content highlights: kadakampally surendran on sabarimala protest